ബർദുബൈയുടെ പ്രിയപ്പെട്ട ഹംസക്ക മടങ്ങുന്നു
text_fieldsഹംസ
ദുബൈ: ബർദുബൈയിലെ മലയാളികളുടെയും ഗുജറാത്തികളുടെയും സിന്ധികളുടെയും പ്രിയപ്പെട്ട ഹംസക്ക പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ദുരിതം അനുഭവിക്കുന്ന ഒരുപറ്റം മനുഷ്യരെ സഹായിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെയാണ് മലപ്പുറം ആലങ്കോട് പന്താവൂർ ഏറത്ത് ഹംസയുടെ മടക്കം.
1993 ജൂലൈയിലാണ് പ്രവാസലോകത്തെത്തിയത്. ക്ലീനിങ് ആയിരുന്നു ജോലി. 1994 മുതൽ മുംബൈ സ്വദേശികളുടെ അൽ താര കമ്പനിയിൽ ജോലി തുടങ്ങി. അന്ന് മുതൽ ഇന്ന് വരെ ഈ സ്ഥാപനത്തിനൊപ്പമാണ് ഊണും ഉറക്കവും. ആദ്യ കാലത്ത് 600 ദിർഹമായിരുന്നു ശമ്പളം. ഇപ്പോൾ 2000 ദിർഹമും. ശമ്പളമല്ല, ഈ നാടിെൻറ സ്നേഹമാണ് തന്നെ ഇവിടെ പിടിച്ചുനിർത്തിയതെന്ന് ഹംസ പറയുന്നു. ദുബൈയിൽനിന്ന് കിട്ടിയ നല്ല സൗഹൃദങ്ങളാണ് ഏറ്റവും വലിയ സാമ്പാദ്യം. റമദാനിൽ ബർദുബൈയിലെ മൂന്ന് പള്ളികളിൽ നോമ്പുതുറ ഒരുക്കിയിരുന്നത് ഹംസയുടെ നേതൃത്വത്തിലായിരുന്നു. രണ്ട് വർഷമായി നോമ്പുതുറകൾ ഇല്ലാത്തതിെൻറ സങ്കടവും ഹംസക്കുണ്ട്.
ലോക്ഡൗൺ കാലത്ത് റൂമുകളിൽ ഭക്ഷണം എത്തിക്കാനും കിറ്റെത്തിക്കാനും മുൻപന്തിയിലുണ്ടായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനാണ്. മലയാളികളെ ചേർത്തുപിടിക്കുന്ന ഇവിടത്തെ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞാണ് മടക്കം. 52 ഡിഗ്രിയിലും മൂടിപ്പുതച്ച് ഉറങ്ങാനും ഏത് പാതിരാത്രിയിലും സുരക്ഷിതമായി പുറത്തിറങ്ങാനും കഴിയുന്ന വേറെ ഏത് നാടുണ്ടെന്ന് ഹംസ ചോദിക്കുന്നു.ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാലാണ് മടക്കം. നാട്ടിലെത്തിയാൽ കൃഷിയിലും സാമൂഹിക പ്രവർത്തനത്തിലും കൂടുതൽ സജീവമാകണമെന്ന് 59കാരനായ ഹംസ പറയുന്നു. നാട്ടിൽ പുഞ്ച, കിഴങ്ങ്, തെങ്ങ്, വാഴകൃഷിയുണ്ട്.
മക്കളായ ഹഫ്സത്തിെൻറയും അസ്മയുടെയും വിവാഹം കഴിഞ്ഞു. മൂത്തമകൻ ജാഫർ സാദിഖ് നാദൽ ഷെബ ക്ലബിൽ ജീവനക്കാരനാണ്. ഇളയ മകൻ ജാബിർ ദുബൈയിലെ ടൈപിങ് സെൻററിൽ വൈകാതെ ജോലിക്ക് കയറും. ഭാര്യ: ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

