പ്രവർത്തനം പൂർണതോതിൽ; ഒരു വർഷം പൂർത്തിയാക്കി ബറഖ ആണവോര്‍ജ നിലയം
text_fieldsബറഖ ആണവോര്‍ജ നിലയം
അബൂദബി: യു.എ.ഇയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന അബൂദബിയിലെ ബറഖ ആണവോര്‍ജ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാക്കി.
യു.എ.ഇയുടെ ഊര്‍ജ ആവശ്യത്തിന്റെ 25 ശതമാനവും ഉൽപാദിപ്പിക്കുന്നത് ബറഖ ആണവ നിലയത്തിലെ നാല് യൂനിറ്റുകളാണ്. 40 ടെറാവാട്ട് അവേഴ്സ് ശുദ്ധോര്‍ജമാണ് കഴിഞ്ഞ 12 മാസത്തിനിടെ ബറഖ ആണവോര്‍ജ നിലയം ഉൽപാദിപ്പിച്ചുനല്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഇതുവരെ 120 ടെറാവാട്ട് അവേഴ്സ് ഊര്‍ജമാണ് ഉൽപാദിപ്പിച്ചത്. ഇത് ന്യൂയോര്‍ക് നഗരത്തിന്റെ ഒരുവര്‍ഷത്തെ ഊര്‍ജ ഉപയോഗത്തിന് പര്യാപ്തമാണ്. യു.എ.ഇയുടെ ഊര്‍ജ മേഖലയെ കാര്‍ബണ്‍ മുക്തമാക്കുന്നതില്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധോര്‍ജ ഉറവിടമായ ബറഖ ആണവോര്‍ജ നിലയം മുഖ്യ പങ്കുവഹിക്കുകയാണ്. 2012 ജൂലൈയിലായിരുന്നു ബറഖ ആണവോര്‍ജ നിലയത്തിന്റെ നിര്‍മാണം തുടങ്ങിയത്. നാലാമത്തെ നിലയത്തിന്റെ നിര്‍മാണം 2015ലും ആരംഭിച്ചു. 2023ല്‍ നാലാമത്തെ നിലയവും പൂര്ത്താവുകയും 2024 സെപ്റ്റംബര്‍ മുതല്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടങ്ങുകയും ചെയ്തു. ദീര്‍ഘദൃഷ്ടിയുടെയും സുസ്ഥിര നിക്ഷേപത്തിന്റെയും ഓരോ ഘട്ടത്തിലും ഉന്നത നിലവാരത്തിലുള്ള നിര്‍വഹണത്തിലുള്ള ശ്രദ്ധയുമാണ് ഈ നേട്ടത്തിനു കാരണമെന്ന് എമിറേറ്റ്സ് ആണവോര്‍ജ കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
ബറഖ ആണവോര്‍ജ നിലയത്തിലെ ഊര്‍ജ ഉൽപാദനം യു.എ.ഇയിലെ 5,74,000 വീടുകള്‍ക്കാണ് വൈദ്യുതി നല്‍കുന്നത്. ശുദ്ധോര്‍ജ ഉൽപാദനം സാധ്യമാക്കുന്നതിലൂടെ നിലയം പ്രതിവര്‍ഷം 2.24 കോടി ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒന്നാമത്തെ നിലയം പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 5.8 കോടി മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാൻ കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ബറഖ ആണവോര്‍ജ നിലയം ഉൽപാദിപ്പിച്ച ശുദ്ധോര്ജത്തിലൂടെ യു.എ.ഇ ലോകത്തെ മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ ആളോഹരി ശുദ്ധ ഊര്‍ജം സംഭാവന ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

