ഫിലിപ്പീൻസിൽനിന്നുള്ള പക്ഷി-മുട്ട ഇറക്കുമതി നിരോധിച്ചു
text_fieldsഅബൂദബി: ഫിലിപ്പീൻസിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ രാജ്യത്തുനിന്നുള്ള കോഴി ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾ, കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, മുട്ട എന്നിവയുടെ ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. പക്ഷിമാംസം, വേവിക്കാത്ത പക്ഷിമാംസ ഉൽപന്നങ്ങൾ, ചൂടാക്കി സംസ്കരിക്കാത്ത പക്ഷിയവശിഷ്ടങ്ങൾ എന്നിവക്കും നിരോധനം ബാധകമാണ്.
എന്നാൽ, വേവിച്ച പക്ഷിമാംസ ഉൽപന്നങ്ങളും ചൂടാക്കി സംസ്കരിച്ച പക്ഷിയവശിഷ്ട ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാം. ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾ ജൂലൈ മൂന്നിന് മുമ്പ് ഇറക്കുമതി ചെയ്തവയാണെങ്കിൽ വിപണിയിൽ അനുവദിക്കും. മൃഗാരോഗ്യ^വികസന വകുപ്പ് ഡയറക്ടർ ഡോ. മാജിദ് സുൽത്താൻ ആൽ ഖാസിമിയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ േസ്രാതസ് സർട്ടിഫിക്കറ്റ്, ഹലാൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ കർശന പരിശോധനക്ക് വിധേയമാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
യു.എ.ഇയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഉൽപന്ന തിരിച്ചറിയൽ കാർഡുകൾ പരിശാധിക്കുമെന്നും ഭക്ഷ്യവസ്തുക്കൾ ആവശ്യമായ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നറിയുന്നതിന് സാമ്പിളുകൾ ശേഖരിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.