അബൂദബിയില്‍ ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ക്ക് നിര്‍മാണഘട്ടത്തില്‍ തന്നെ ബാങ്ക് വായ്പ
text_fieldsഅബൂദബി: അബൂദബിയില്‍ നിര്‍മാണ ഘട്ടത്തിലുള്ള (ഓഫ്-പ്ലാന്‍) റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ബാങ്ക് വായ്പ (മോര്‍ട്ട്‌ഗേജ്) ലഭ്യമാക്കുന്ന പുതിയ സംവിധാനം നിലവില്‍ വന്നു. അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ (അഡ്‌റെക്) ആണ് പുതിയ മോര്‍ട്ട്‌ഗേജ് ചട്ടക്കൂട് തയ്യാറാക്കിയത്.
കെട്ടിടത്തിന്റെ വിലയുടെ 50 ശതമാനം തുക അടച്ചുതീര്‍ത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാക്കി തുകയും കൈമാറ്റ സമയത്ത് നല്‍കേണ്ട തുകയും ബാങ്ക് വായ്പയിലൂടെ അടക്കാന്‍ ഇതിലൂടെ സാധിക്കും. അബൂദബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ സഹകരണത്തോടെ പ്രമുഖ ഡെവലപ്പറായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ആണ് പുതിയ സംവിധാനത്തില്‍ ആദ്യ ഇടപാട് പൂര്‍ത്തിയാക്കിയത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ ചട്ടങ്ങള്‍ പാലിച്ചാണ് കെട്ടിടത്തിന്റെ 50 ശതമാനം തുക അടച്ചവര്‍ക്ക് ഓഫ്-പ്ലാന്‍ വായ്പ നല്‍കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കാത്തുനില്‍ക്കാതെ തന്നെ വായ്പാ വ്യവസ്ഥകളില്‍ വ്യക്തത വരുത്താനും അനുമതി നേടാനും സാധിക്കും. കൈമാറുന്നതിനു മുമ്പുതന്നെ അബൂദബിയിലെ ഇനിഷ്യല്‍ റിയല്‍ എസ്റ്റേറ്റ് രജിസ്റ്ററില്‍ മോര്‍ട്ട്‌ഗേജ് സര്‍ട്ടിഫിക്കറ്റില്‍ വായ്പ നല്‍കുന്ന ബാങ്കിന്റെ പേര് ഔദ്യോഗികമായി ചേര്‍ക്കാം.
നിര്‍മാണ സമയത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്താനും അനുയോജ്യമായ പലിശ നിരക്കുകളും വായ്പാ വ്യവസ്ഥകളും തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും. ഇത് അല്‍ദാറിലും എ.ഡി.സി.ബിയിലും മാത്രം ഒതുങ്ങുന്നതല്ല. മാനദണ്ഡങ്ങള്‍ പാലിക്കുന്ന അബൂദബിയിലെ എല്ലാ ഡെവലപ്പര്‍മാര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.
റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുതാര്യതയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്ന് അഡ്റെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗാസി സഈദ് അല്‍ ഉതൈബി പറഞ്ഞു.
അല്‍ദാറിന്റെ 'ഹോം ഫിനാന്‍സ് ബൈ അല്‍ദാര്‍' വഴിയും ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ അധിക ഫീസുമില്ലാതെ വിവിധ ബാങ്കുകളുടെ ഓഫ്-പ്ലാന്‍ ഫിനാന്‍സിങ് സേവനങ്ങള്‍ പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

