ബാങ്ക് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പ്; രണ്ടുപേർ പിടിയിൽ
text_fieldsതട്ടിപ്പ് നടത്തിയതിന് പിടിയിലായവർ
അബൂദബി: ഫോൺ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന രണ്ടുപേരെ അജ്മാൻ പൊലീസിെൻറ സഹായത്തോടെ അബൂദബി പൊലീസ് പിടികൂടി. പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. ഇവർ തട്ടിപ്പിലൂടെ നേടിയ സമ്പാദ്യവും ബാങ്ക് ബാലൻസും മരവിപ്പിച്ചു.
സാമൂഹികസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിൽ, വഞ്ചനയിലൂടെ ജനങ്ങളുടെ പണം കൈക്കലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.
ഇത്തരം ക്രിമിനൽ സംഘങ്ങളുടെ തട്ടിപ്പിന് ഇരകളാകാതിരിക്കാൻ ജാഗ്രത വേണമെന്നും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉടൻ റദ്ദാക്കുകയോ മരവിപ്പിക്കുകയോ വേണം. ഫോണിലൂടെ ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കുകൾ ആവശ്യപ്പെടില്ല. ഇത്തരം വ്യാജ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും വഞ്ചിക്കപ്പെടരുതെന്നും ബാങ്കിെൻറ ഏറ്റവും അടുത്ത ശാഖയിൽ പോയി ഉപഭോക്തൃസേവന ജീവനക്കാർ വഴി മാത്രം ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തട്ടിപ്പ് കോളുകൾ ലഭിക്കുന്നവർ 8002626 എന്ന ടോൾഫ്രീ നമ്പറിലോ അമാൻ സേവനവുമായി ബന്ധപ്പെട്ടോ വിവരം വേഗം അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

