വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ അമ്മയും മകനും മരിച്ചു
text_fieldsഅബൂദബി: അബൂദബിയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ അമ്മയും 15 വയസ്സുകാരനായ മകനും മരിച്ചു. അബുദാബിയിലെ അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സാമൂഹിക കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു ദുരന്തം.
അപകടത്തിൽ ബംഗ്ലാദേശ് സ്വദേശി അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് തൽക്ഷണം മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് സ്വരൂപ് കാന്തി ബിശ്വാസ് (59) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻഭാഗത്ത് അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം ബംഗ്ലാദേശ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
വർഷങ്ങളായി അബൂദബിയിൽ സ്ഥിരതാമസക്കാരാണ് ഈ കുടുംബം. സ്വരൂപ് കാന്തി ബിശ്വാസ് എൻജിനീയറായും ഭാര്യ ട്രാവൽ ഏജൻസിയിലും ജോലി ചെയ്തു വരികയായിരുന്നു. ഇരുവരുടെയും മൂത്ത മകൾ ദുബൈയിലെ സർവകലാശാല വിദ്യാർഥിനിയാണ്. സംസ്കാരം യു.എ.ഇയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

