അബൂദബിയിൽ ഒട്ടകങ്ങളെ മേയ്ക്കാനുള്ള നിരോധനം 2027 മേയ് വരെ നീട്ടി
text_fieldsഅബൂദബി: എമിറേറ്റിൽ സ്വാഭാവിക സസ്യജാലങ്ങളെയും മരുഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടകങ്ങളെ മേയ്ക്കുന്നതിന് ഏർപ്പെടുത്തിയ വാർഷിക നിരോധനം 2027 മേയ് 14 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്ന നിരോധനം അബൂദബി പരിസ്ഥിതി ഏജൻസിയാണ് (ഇ.എ.ഡി) പ്രഖ്യാപിച്ചത്. 2026ലെ ഒട്ടക മേച്ചിൽ സീസൺ അവസാനിച്ചതായി പ്രഖ്യാപിച്ച ഏജൻസി, സീസണൽ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കാൻ ഒട്ടക ഉടമകളോടും വളർത്തുകാരോടും അഭ്യർത്ഥിച്ചു.
മുൻവർഷങ്ങളിലെ പതിവ് തീയതിയായ മേയ് 15ന് പകരം ഇത്തവണ ഇ.എ.ഡി നടത്തിയ വിലയിരുത്തലുകൾക്ക് ശേഷം ഏപ്രിൽ 22 മുതൽ തന്നെ മേച്ചിൽ സീസൺ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ അബൂദബിയിലുടനീളം ലഭിച്ച ശക്തമായ മഴയെത്തുടർന്ന് സ്വാഭാവിക സസ്യവളർച്ച മെച്ചപ്പെടുകയും ഒട്ടകങ്ങൾക്ക് അനുകൂലമായ മേച്ചിൽ സാഹചര്യങ്ങൾ ഒരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അന്നത്തെ തീരുമാനമെടുത്തത്.
മേച്ചിൽ പ്രദേശങ്ങൾക്ക് സ്വാഭാവിക വീണ്ടെടുപ്പിനും തദ്ദേശീയ സസ്യങ്ങൾക്ക് തടസ്സങ്ങളില്ലാതെ പുനരുജ്ജീവനത്തിനും സമയം നൽകാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മേച്ചിൽ സീസണിൽ മികച്ച സഹകരണം നൽകിയ ഒട്ടക ഉടമകൾക്കും വളർത്തുകാർക്കും കൃതജ്ഞത അറിയിച്ച ഇ.എ.ഡി, വരും തലമുറകൾക്കായി പ്രകൃതിദത്ത പുൽമേടുകൾ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള മേച്ചിൽ രീതികളും പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതും അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.
അബൂദബിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നത് 2020-ലെ 11-ാം നമ്പർ നിയമപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ അനുസരിച്ച്, 21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള യു.എ.ഇ പൗരന്മാർക്ക് കുറഞ്ഞത് 18 വയസ്സുള്ള ഒരു റേഞ്ചറെ (മേച്ചിൽ കാര്യസ്ഥൻ) ജോലിക്ക് നിർത്തുകയാണെങ്കിൽ മേച്ചിൽ ലൈസൻസിന് അർഹതയുണ്ടായിരിക്കും. ലൈസൻസ് ഉടമകൾ തങ്ങളുടെ ഒട്ടകങ്ങൾ എപ്പോഴും ചുമതലപ്പെടുത്തിയ റേഞ്ചറുടെ മേൽനോട്ടത്തിൽ തന്നെയാണെന്ന് ഉറപ്പാക്കണം.
ലൈസൻസ് അനുവദിച്ചിട്ടുള്ള കാലയളവിൽ മാത്രമേ മേച്ചിൽ അനുവദിക്കൂ. കൂടാതെ ഈ ലൈസൻസ് മറ്റൊരു വ്യക്തിക്ക് കൈമാറാൻ പാടില്ല. അർഹരായ ഒട്ടക ഉടമകൾക്ക് താം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പുതിയ ലൈസൻസിന് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ കഴിയും. പുതിയ ലൈസൻസിന് 250 ദിർഹമും പുതുക്കുന്നതിന് 150 ദിർഹമുമണ് ഫീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

