You are here

നാടിനായി മനമുരുകി മലയാളികളുടെ ബലിപെരുന്നാള്‍

ബർ ദുബൈ ഹെറിറ്റേജ് വില്ലേജ്‌ മസ്ജിദ് ഇൗദ്​ഗാഹിൽ കായക്കൊടി ഇബ്രാഹിം മൗലവി ഖുത്​ബ നിർവഹിക്കുന്നു

ദുബൈ: പ്രളയ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഉറ്റവര്‍ക്കായുള്ള പ്രാര്‍ഥനകളുമായാണ്​ ഗള്‍ഫ്  മലയാളികൾ ബലി പെരുന്നാള്‍ കൊണ്ടാടിയത്​. പ്രളയക്കെടുതി മലയാളി പ്രവാസികളുടെ   ആഘോഷങ്ങൾക്ക്​  മങ്ങലേല്‍പ്പിച്ചു . സ്വന്തം നാടി​​െൻറ വേദനകളെ കുറിച്ചുള്ള  അടക്കം പറച്ചിലുകളായിരുന്നു ഇൗദ്​ഗാഹുകളിലും പള്ളികളിലുമെല്ലാം തമ്മിൽ കണ്ടവർ പങ്കുവെച്ചത്​. കെടുതി അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരണമെന്ന് പെരുന്നാൾ ഖുതുബകളിൽ ഇമാമുമാരും  ആഹ്വാനം നൽകി. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നാടിനായുള്ള പ്രത്യേക പ്രാര്‍ഥനകളും  നടന്നു .

ബന്ധുക്കളുടെ ദുരിത മറിഞ്ഞിട്ടും നാട്ടിലേക്ക് പോകാനോ ഫോണില്‍ വിളിച്ചു ആശ്വസിപ്പിക്കാനോ കഴിയാത്ത പലരും നമസ്കാര ശേഷവും സ്വന്തക്കാര്‍ക്കായി  നിറകണ്ണുകളോടെ പ്രാര്‍ഥനയില്‍  മുഴുകി . ശരീരം മാത്രമേ ഗൾഫിൽ ഉള്ളൂവെന്നും മനസ് നാട്ടിലെ ജനങ്ങൾക്കൊപ്പമാണുള്ളതെന്നും പ്രവാസി മലയാളികൾ പ്രതികരിച്ചു. പെരുന്നാൾ പ്രമാണിച്ച് നാലുദിവസത്തെ  അവധിയുണ്ടായിട്ടും പലരും  മുറികളില്‍ തന്നെ കഴിച്ചു കൂട്ടി. നാട്ടിൽ പ്രിയപ്പെട്ടവർ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ദുരിതത്തിലായിരിക്കുമ്പോൾ തങ്ങളെങ്ങനെ സന്തോഷിക്കുമെന്നാണ് ചോദ്യം .  

പെരുന്നാള്‍ നമസ്കാരവും ചായകുടിയും കഴിഞ്ഞ് നാട്ടിലെ ഉറ്റവരുമായും മക്കളുടെ കൊഞ്ചലുകളുമായും  ദീർഘനേരം ടെലിഫോണ്‍ വിശേഷങ്ങളില്‍ മുഴുകലാണ്  പ്രവാസിയുടെ പതിവ്​ പെരുന്നാള്‍ ചര്യ. എന്നാല്‍ മറുതലക്കല്‍ ആരെയും കിട്ടാത്ത അവസ്ഥയാണ്. മൂന്നു, നാലു ദിവസമായി ഫോൺ ബന്ധം പോലും നഷ്​ടപ്പെട്ടിരിക്കുന്നു.   തിങ്കളാഴ്ച്ച നാട്ടില്‍ പെരുന്നാളാണ്. കുടുംബം ഏതവസ്ഥയില്‍ ആണെന്ന് അറിയാത്തവരാണ് പ്രളയം ബാധിച്ച ജില്ലകളിലെ പലരും. ഇന്നലെ മഴക്ക് ശമനം വന്നത് ആശ്വാസം നല്‍കിയെങ്കിലും  അടുത്ത ദിവസങ്ങളില്‍ മഴ തീവ്രമാവുമെന്ന അറിയിപ്പ് ആശങ്കയും നല്‍കുന്നുണ്ടെന്ന്  മാനന്തവാടി സ്വദേശി മുഹമ്മദ്‌ ഉസ്മാന്‍ പറഞ്ഞു .  പെരുന്നാള്‍ അവധികൂടി കണക്കിലെടുത്ത് മുന്‍കൂട്ടി ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാനിരുന്നവരെയും  ഓര്‍ക്കാപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭം പെരുവഴിയിലാക്കി.
മക്കള്‍ക്ക്‌ ‌ പെരുന്നാള്‍ ഉടുപ്പ്  വാങ്ങാന്‍ കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് വേങ്ങേരി സ്വദേശി സ്വാലിഹ് ഭാര്യക്ക് പണം അയച്ചു നൽകിയത്. ചെറിയ പെരുന്നാള്‍ക്ക് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല . ഈ പെരുന്നാള്‍ക്ക് എന്തായാലും വാങ്ങാമെന്ന് ഉറപ്പും നല്‍കിയതാണ് .

പ്രളയത്തിനു അടുത്ത ദിവസം മുമ്പ് വസ്ത്രങ്ങള്‍ വാങ്ങി മക്കള്‍ വാട്സ്  ആപ്പില്‍ ഫോട്ടോയും അയച്ചു തന്നു. എന്നാല്‍ വീട്ടില്‍ വെള്ളം കയറി സര്‍വ്വതും  നശിച്ചുവെന്ന വാര്‍ത്തയാണ്  പിന്നീട് തേടി എത്തിയത്. ക്യാമ്പില്‍ കഴിയുന്ന ആറും  പത്തും  വയസ്സുള്ള മക്കള്‍ക്ക് പെരുന്നാള്‍ പോലും നഷ്​ടപെട്ട വേദന സഹിക്കാനാവുന്നില്ലെന്ന് ദുബൈ അല്‍മനാര്‍  ഈദ് ഗാഹില്‍ നമസ്കാരത്തിനെത്തിയ സ്വാലിഹ് കണ്ണീരോടെ പറയുന്നു.  ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പെരുന്നാൾ ആഘോഷങ്ങളും പരിപാടികളും  മാറ്റിവെച്ചിരിക്കുകയാണ് പ്രവാസി സംഘടനകളും കൂട്ടായ്മകളും.

Loading...
COMMENTS