ബഹ്റൈൻ ദേശീയദിനം: പുതിയ പാർക്ക് തുറന്ന് അബൂദബി
text_fieldsബഹ്റൈനിന്റെ 54ാം ദേശീയദിനത്തോടനുബന്ധിച്ച് അബൂദബിയില്‍ തുറന്ന കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്ക്
അബൂദബി: ബഹ്റൈനിന്റെ 54ാം ദേശീയദിനത്തോടനുബന്ധിച്ച് അബൂദബിയില്‍ പുതിയ പാര്‍ക്ക് തുറന്നു. കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്കാണ് ബഹ്റൈൻ ദേശീയ ദിനമായ ഡിസംബര്‍ 16ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്‍റെ സ്മരണയ്ക്കാണ് ഈ ദിനത്തില്‍ തന്നെ പാര്‍ക്ക് തുറന്നത്. 1100ലേറെ ഗാഫ് മരങ്ങളാണ് ഈ പാര്‍ക്കിലുള്ളത്. കുടുംബങ്ങള്‍ക്കും ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പാര്‍ക്കിന്‍റെ രൂപകല്‍പന.
ഉയര്‍ന്ന പാതകള്‍, തണല്‍ വിരിക്കുന്ന മരങ്ങള്‍, സൈക്കിള്‍ പാത, 700 മീറ്റര്‍ നീളമുള്ള ശീതീകരിച്ച നടപ്പാത തുടങ്ങിയവയൊക്കെ ഈ ഉദ്യാനത്തിലുണ്ട്. പുല്‍ത്തകിടികള്‍, യോഗക്കും ധ്യാനത്തിനുമുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള കളിയിടങ്ങള്‍, നിശ്ചയാദാര്‍ഢ്യജനതക്കും മുതിര്‍ന്ന പൗരന്മാര്‍ക്കായുമുള്ള ഫിറ്റ്‌നസ് മേഖലകള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇരിപ്പിടങ്ങളൊരുക്കിയ കഫേയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
ജലധാരകള്‍ക്കു സമീപമായി ഫുഡ് ട്രക്കുകളും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കായി ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെയും നഗരഗതാഗത വകുപ്പിന്‍റെയും നിര്‍ദേശ പ്രകാരമാണ് പാര്‍ക്ക് തുറന്നതെന്നും കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്കിന്‍റെ ഉദ്ഘാടനം യു.എ.ഇയും ബഹ്റൈനുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റെ പ്രതിഫലനമാണെന്നും അബൂദബി നഗര ഗതാഗത വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

