തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധം -ജംഷീർ
text_fieldsമനാമ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ നൗഫ് അബ്ദുറഹ്മാൻ ജംഷീർ പറഞ്ഞു.
അമേരിക്കൻ നീതികാര്യ ഡിപ്പാർട്ട്മെന്റിന് കീഴിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രോസിക്യൂഷൻ യൂനിറ്റ്, തൊഴിൽ വകുപ്പിന് കീഴിലെ വേജ് ആൻഡ് അവർ ഡിവിഷൻ, ആരോഗ്യ, മാനവിക സേവന ഡിപാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരും പ്രതിനിധികളുമായി വാഷിങ്ടണിൽ ചർച്ച നടത്തുകയായിരുന്നു അവർ. മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് നയപരിപാടികൾ ആവിഷ്കരിക്കും. നിർബന്ധിത തൊഴിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഈ രംഗത്ത് ബഹ്റൈനും അമേരിക്കയും തമ്മിലുള്ള സഹകരണം സ്വാഗതാർഹമാണെന്നും ജംഷീർ പറഞ്ഞു.
വേതന സംരക്ഷണ സംവിധാനം, എക്സ്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ എന്നിവ ഉൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ള കാര്യങ്ങളും അവർ വിശദീകരിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും എൽ.എം.ആർ.എ നടത്തുന്നുണ്ടെന്ന് ജംഷീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.