‘ബദർക്കളം’ കോൽക്കളിപ്പാട്ട് പുറത്തിറങ്ങി
text_fieldsബദർക്കളം കോൽക്കളിപ്പാട്ടിന്റെ റിലീസ് കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജി നിർവഹിക്കുന്നു
ദുബൈ: ഇസ്ലാമിക ചരിത്രത്തിലെ വീരോചിതമായ ബദർ യുദ്ധ ചരിത്രഗാഥയെ ആസ്പദമാക്കി ഒരുക്കിയ കോൽക്കളിപ്പാട്ട് ‘ബദർക്കളം’ പുറത്തിറങ്ങി. 10 വ്യത്യസ്തമായ തനത് ഇശലുകൾ കോർത്തിണക്കി മുഴുനീള ബദർ യുദ്ധ ചരിത്രമാണ് ഈ കോൽക്കളിപ്പാട്ടിൽ അവതരിപ്പിക്കുന്നത്.
പ്രവാസിയായ യുവകവിയും ‘ശഹീദേ മില്ലത്ത് ടിപ്പുസുൽത്താൻ ഖിസ്സപ്പാട്ടിന്റെ’ രചയിതാവുമായ നസറുദ്ദീൻ മണ്ണാർക്കാടാണ് ‘ബദർക്കളം’ എഴുതിയിരിക്കുന്നത്. നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിരവധി ദൃശ്യാവിഷ്കാരങ്ങൾ അണിയിച്ചൊരുക്കിയ ഫിറോസ് കാട്ടൂർ പത്തനംതിട്ടയാണ്.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകനായ ഐ.പി സിദ്ദീഖിന്റേതാണ് ഗാനങ്ങൾ. പിന്നണിയിൽ പാടിയിരിക്കുന്നത് ഫൈസൽ വെള്ളായിക്കോട്, സഫിർ കോഴിക്കോട് തുടങ്ങിയവരാണ്. പ്രവാസി കലാകാരന്മാരായ അസീസ് മണമ്മലിന്റെയും സബീബ് എടരിക്കോടിന്റെയും നേതൃത്വത്തിലുള്ള ദുബൈയിലെ എടരിക്കോട് കോൽക്കളി സംഘമാണ് പാട്ടുകൾക്ക് ചുവടുവെച്ചത്. എം.എൽ.ജി മ്യൂസിക് മീഡിയയുടെ ബാനറിലാണ് ‘ബദർക്കളം’ കോൽക്കളിപ്പാട്ട് റിലീസ് ചെയ്തത്.
കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി റിലീസ് നിർവഹിച്ചു. കവി നസറുദ്ദീൻ മണ്ണാർക്കാട്, അസീസ് മണമ്മൽ, ഫൈസൽ തെന്നല, ഡിജി പ്രോ, മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ വൈസ് പ്രസിഡന്റ് തസ്നീം അഹ്മദ് എളേറ്റിൽ, ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

