ഗവേഷണ മികവ് കരുത്തായി; ആഗോള റാങ്കിങ്ങിൽ മുന്നേറി നാല് യു.എ.ഇ സർവകലാശാലകൾ
text_fieldsഖലീഫ യൂനിവേഴ്സിറ്റി
ദുബൈ: സെന്‍റർ ഫോർ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്സ് (സി.ഡബ്ല്യു.യു.ആർ) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ 2000 റാങ്കിങ്ങിൽ യു.എ.ഇയിലെ നാല് സർവകലാശാലകൾ തങ്ങളുടെ നില മെച്ചപ്പെടുത്തി. ഗവേഷണ രംഗത്തെ മികവാണ് ഈ സർവകലാശാലകളെ ആഗോളതലത്തിൽ മുന്നിലെത്തിച്ചത്.
ഏറ്റവും പുതിയ റാങ്കിങ് പ്രകാരം യു.എ.ഇ സ്ഥാപനങ്ങളിൽ ഖലീഫ യൂനിവേഴ്സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബൂദബി എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ നാല് സർവകലാശാലകളും ആഗോള റാങ്കിങ്ങിൽ വലിയ പുരോഗതി കൈവരിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലും ശാസ്ത്രീയ ഗവേഷണങ്ങളിലും യു.എ.ഇ നടത്തുന്ന നിരന്തര പ്രവർത്തനങ്ങളുടെ ഫലമാണിതെന്ന് സി.ഡബ്ല്യൂ.യു.ആർ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള 95 രാജ്യങ്ങളിലെ 21,291 സർവകലാശാലകളിൽ നിന്നുള്ള 81 ദശലക്ഷം ഡാറ്റകൾ വിശകലനം ചെയ്താണ് സി.ഡബ്ല്യു.യു.ആർ ഈ റാങ്കിങ് തയാറാക്കിയത്. വിദ്യാഭ്യാസം, തൊഴിൽ ലഭ്യത, അധ്യാപകരുടെ മികവ്, ഗവേഷണം എന്നിവയാണ് റാങ്കിങ്ങിന് മാനദണ്ഡമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് (40 ശതമാനം) നിശ്ചയിച്ചിരുന്നത് ഗവേഷണ മികവിനാണ്. ഈ മേഖലയിൽ കാഴ്ചവെച്ച മിടുക്കാണ് യു.എ.ഇ സർവകലാശാലകളുടെ മുന്നേറ്റത്തിന് പ്രധാന കാരണമായത്.
ഖലീഫ യൂനിവേഴ്സിറ്റി 51 സ്ഥാനങ്ങൾ മുന്നേറി ആഗോളതലത്തിൽ 795-ാം സ്ഥാനമാണ് നേടിയത്. ഇതോടെ ലോകത്തെ മികച്ച 3.8 ശതമാനം സർവകലാശാലകളുടെ പട്ടികയിൽ ഖലീഫ യൂനിവേഴ്സിറ്റി ഇടംപിടിച്ചു. യു.എ.ഇ യൂനിവേഴ്സിറ്റി 64 സ്ഥാനം ഉയർന്ന് 958-ാം റാങ്കിലെത്തിയപ്പോൾ യൂനിവേഴ്സിറ്റി ഓഫ് ഷാർജ 98 സ്ഥാനം മുന്നോട്ടുകയറി 994-ാം റാങ്ക് സ്വന്തമാക്കി. ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബുദാബി ആഗോളതലത്തിൽ 1063-ാം സ്ഥാനത്തെത്തിയാണ് നില മെച്ചപ്പെടുത്തിയത്.
‘ഈ ഫലങ്ങൾ വിദ്യാഭ്യാസത്തിനും നവീകരണത്തിനും രാജ്യം നൽകുന്ന മുൻഗണനയുടെ തെളിവാണ്. യു.എ.ഇ സർവകലാശാലകളുടെ അസാധാരണ വളർച്ച വർഷങ്ങളായുള്ള സാമ്പത്തിക പിന്തുണയുടെയും ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും പൊതുമുതലായി അംഗീകരിച്ചതിന്‍റെയും ഫലമാണ്’ -യു.എ.ഇയുടെ നേട്ടത്തെക്കുറിച്ച് സി.ഡബ്ല്യു.യു.ആർ പ്രസിഡന്‍റ് ഡോ. നദീം മഹസ്സെൻ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ ആദ്യ പത്ത് സ്ഥാനങ്ങൾ
ഹാർവാർഡ് യൂനിവേഴ്സിറ്റി തുടർച്ചയായ 15-ാം വർഷവും ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. എം.ഐ.ടി, സ്റ്റാൻഫോർഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യു.കെയുടെ കേംബ്രിഡ്ജ് (4), ഓക്സ്ഫോർഡ് (5) എന്നിവയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള പബ്ലിക് സർവകലാശാലകൾ. പ്രിൻസ്റ്റൺ, പെൻസിൽവാനിയ, കൊളംബിയ, യേൽ, ചിക്കാഗോ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് സർവകലാശാലകൾ.
അറബ് റാങ്കിങ്ങിലും കരുത്തുകാട്ടി യു.എ.ഇ
സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത മത്സരങ്ങൾക്കിടയിലും അറബ് പ്രാദേശിക റാങ്കിങ്ങിൽ തങ്ങളുടെ സ്ഥാനം നിലനിർത്താനോ മെച്ചപ്പെടുത്താനോ യു.എ.ഇ സർവകലാശാലകൾക്ക് കഴിഞ്ഞിട്ടുണ്ട്. 2026-ലെ അറബ് റാങ്കിങ്ങിൽ ഖലീഫ യൂനിവേഴ്സിറ്റി പത്താം സ്ഥാനത്താണ്. യു.എ.ഇയിലെ ഏറ്റവും ഉയർന്ന റാങ്കും ഇതാണ്. യു.എ.ഇ യൂനിവേഴ്സിറ്റി 12-ാം സ്ഥാനത്തും യൂനിവേഴ്സിറ്റി ഓഫ് ഷാർജ 13-ാം സ്ഥാനത്തുമുണ്ട്. ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബൂദബി 18-ാം സ്ഥാനത്താണ്. ശാസ്ത്രം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗൾഫ് സർവകലാശാലകൾ നടത്തുന്ന വലിയ നിക്ഷേപങ്ങളാണ് അറബ് ലോകത്ത് പൊതുവെയുണ്ടായ മുന്നേറ്റത്തിന് ആധാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

