ഷാർജയിൽ 80 ശതമാനം വരെ ഇളവുമായി ‘ബാക് ടു സ്കൂൾ’
text_fieldsഷാർജ: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, എമിറേറ്റിൽ 80 ശതമാനം വരെ ഇളവുമായി ‘ബാക് ടു സ്കൂൾ’ കാമ്പയിൻ. ഷാർജ സമ്മർ പ്രമോഷന്റെ ഭാഗമായി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന കാമ്പയിൻ സെപ്റ്റംബർ ഒന്നുവരെ നീളും.
വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്കൂൾ ബാഗുകൾ എന്നിവക്കെല്ലാം എമിറേറ്റിലെ മാളുകളിലും സ്റ്റേഷനറി കടകളിലും ഓഫർ ലഭിക്കും.
വിദ്യാർഥികൾക്ക് ഇക്കാലയളവിൽ വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യുന്ന പരിപാടികളും വിനോദ പ്രവർത്തനങ്ങളും ശിൽപശാലകളും ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 23 മുതൽ 25 വരെ എമിറേറ്റിലെ മാളുകളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും 100 സ്കൂൾ ബാഗുകളും 100 വൗച്ചറുകളും നൽകുകയും ചെയ്യും.
ബാക്-ടു-സ്കൂൾ ഓഫറുകൾ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും സ്കൂൾ സാമഗ്രികളും അവശ്യവസ്തുക്കളും ഡിസ്കൗണ്ട് വിലയിൽ വാങ്ങുന്നതിനും ആത്യന്തികമായി കുട്ടികൾക്ക് അനുകൂലമായ വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സഹായിക്കുമെന്ന് ഷാർജ ചേംബർ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ശംസി പറഞ്ഞു.
വ്യാപാരികൾ, വിതരണക്കാർ, ലൈബ്രറികൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവക്കിടയിലുള്ള ഫലപ്രദമായ സഹകരണത്തോടെയാണ് ബാക്-ടു-സ്കൂൾ കാമ്പയിൻ വാണിജ്യ പ്രമോഷനുമായി ചേർന്ന് ഒരുക്കുന്നതെന്ന് ചേംബർ ഇക്കണോമിക് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് വകുപ്പ് ഡയറക്ടറും ഷാർജ സമ്മർ പ്രമോഷൻസ് ജനറൽ കോഓഡിനേറ്ററുമായ ഇബ്രാഹിം റാഷിദ് അൽ ജർവാൻ അഭിപ്രായപ്പെട്ടു.
ഷാർജ സമ്മർ പ്രമോഷനിൽ സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് മികച്ച വിലയിൽ സ്കൂൾ അവശ്യവസ്തുക്കൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് സംരംഭം സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

