ഷാർജയിൽ കുഞ്ഞ് മരിച്ച സംഭവം; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം
text_fieldsഷാർജ: കെട്ടിടത്തിന്‍റെ ഗോവണിപ്പടിക്കരികെയുള്ള ജനാലയിലൂടെ വീണ് പാകിസ്താൻ സ്വദേശിയായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. കേസിൽ അന്വേഷണം തുടരുന്നതിനാൽ പെൺകുട്ടികൾ നിലവിൽ ശിശുസംരക്ഷണ വകുപ്പിന്‍റെ സംരക്ഷണയിലാണെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
രണ്ടു വയസ്സുകാരനായ മുഹമ്മദ് അർഷ്മാൻ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ഗോവണിപ്പടിയിലെ ജനലിലൂടെ താഴേക്ക് വീണ് മരണപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. അർഷ്മാനും കുടുംബവും താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലെ അയൽവാസികളായ, 10 വയസുള്ള രണ്ട് പെൺകുട്ടികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളി, തമിഴ് കുടുംബങ്ങളിൽനിന്നുള്ളവരാണ് ഈ പെൺകുട്ടികൾ. മലയാളി കുടുംബം കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്.
അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇരു പെൺകുട്ടികളുടെയും മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന യു.എ.ഇ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബങ്ങൾക്ക് നിയമോപദേശം നൽകിയ അഡ്വ. പ്രീത ശ്രീറാം മാധവ് പറഞ്ഞു.
കുട്ടികളിലൊരാളുടെ പിതാവ് തിങ്കളാഴ്ച രാത്രി കെട്ടിടത്തിൽ വന്നിരുന്നതായും ആ കുടുംബം താൽക്കാലികമായി താമസം മാറിയതായും താമസക്കാർ പറഞ്ഞു. രണ്ടാമത്തെ കുടുംബം ഇതുവരെ മടങ്ങിവന്നിട്ടില്ല. അവർക്ക് പെൺകുട്ടിയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്. ഈ ആൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മാതാപിതാക്കൾ അന്വേഷണത്തിലായിരുന്ന സമയത്ത് കുട്ടിയെ മുത്തശ്ശിയും അമ്മാവനുമാണ് നോക്കിയിരുന്നത്.
കെട്ടിടത്തിൽ ഇപ്പോഴും ശോകമൂകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് താമസക്കാർ പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ വിശ്വസിക്കാൻ പലർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഈ ദുരന്തം കുഞ്ഞിന്‍റെ കുടുംബത്തെ മാത്രമല്ല, പെൺകുട്ടികളുടെ കുടുംബങ്ങളെയും മറ്റു താമസക്കാരെയും മാനസികമായി തളർത്തിയിട്ടുണ്ട്. മരിച്ച കുഞ്ഞിന്‍റെ മാതാപിതാക്കളും, ആ പെൺകുട്ടികളും അവരുടെ കുടുംബങ്ങളുമടക്കം ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും വലിയ മാനസിക ആഘാതത്തിലാണെന്ന് ഒരു താമസക്കാരൻ ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ദുരന്തമെന്ന് അഡ്വ. പ്രീത ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

