പത്ത് ദിവസത്തിനിടെ അസീസിന് നഷ്ടമായത് മൂന്ന് കൂടപ്പിറപ്പുകളെ
text_fieldsഅസീസിെൻറ സഹോദരിമാരായ ഫാസില, ആരിഫ, താഹിറ, ഫൗസിയ എന്നിവർ. മൂന്നാമതിരിക്കുന്ന ഇളയ സഹോദരി താഹിറ ഒഴികെ ആർക്കും കോവിഡിൽ നിന്ന് രക്ഷപ്പെടാനായില്ല
ദുബൈ: കൂടപ്പിറപ്പുകളെ അവസാനമായി ഒരുനോക്കു കാണാൻ പോലും വിധിയില്ലാത്തവരാണ് പ്രവാസികൾ. തൊഴിൽ പ്രശ്നങ്ങളും യാത്രാവിലക്കും കോവിഡും വിലങ്ങുതടിയായി നിൽക്കുേമ്പാൾ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ഒറ്റപ്പെട്ടു കഴിയാനാണ് വിധി. കണ്ണൂർ മാഹി സ്വദേശി പി.കെ.വി. അസീസിന് പത്തു ദിവസത്തിനിടെ നഷ്ടമായത് മൂന്ന് സഹോദരിമാരെയാണ്. തടസ്സങ്ങളോരോന്നായി മുന്നിൽ വന്ന് വീണപ്പോൾ ഉള്ളംപൊള്ളിക്കുന്ന വേദനക്കിടയിലും നാട്ടിലേക്കു പോകാനാകാതെ ഇവിടെ തുടരുകയായിരുന്നു അസീസ്.
ഏപ്രിൽ 21 മുതൽ മേയ് ഒന്ന് വരെയുള്ള പത്ത് ദിവസത്തിനിടെയാണ് അസീസിെൻറ നാല് സഹോദരിമാരിൽ മൂന്നു പേരെയും സഹോദരീ ഭർത്താവിനെയും കോവിഡ് തട്ടിയെടുത്തത്. സഹോദരങ്ങളോട് അത്രമേൽ സ്നേഹമുള്ളതിനാൽ നാല് പേർക്കും കൂടി അസീസ് മുൻകൈയെടുത്ത് ഒരു വീട് നിർമിച്ച് നൽകുകയായിരുന്നു. എട്ട് മുറികളുള്ള 'റാബിയ' മൻസിലിലായിരുന്നു ഫൗസിയയും ഫാസിലയും ആരിഫയും താഹിറയും കൂട്ടുകുടുംബമായി താമസം. ഇതിൽ ഇളയ സഹോദരി താഹിറ ഒഴികെ മൂന്നുപേരും ഇപ്പോൾ ജീവനോടെയില്ല.
സന്തോഷം മാത്രം നിറഞ്ഞ വീട്ടിലേക്ക് ഏപ്രിൽ ആദ്യവാരത്തിലാണ് കോവിഡ് എത്തിയത്. 21ന് ഫാസിലയാണ് (56) ആദ്യം മരണത്തിന് കീഴടങ്ങിയത്. 29ന് പുലർച്ചെ 2.30ന് ആരിഫയും (54) നാല് മണിക്കൂറിന് ശേഷം ഫൗസിയയുടെ ഭർത്താവ് ബഷീറും (66) യാത്രയായി. രണ്ട് ദിവസത്തിനു ശേഷം മെയ് ഒന്നിനായിരുന്നു ഫൗസിയയുടെ (58) മരണം. 14 പേർ അടങ്ങുന്ന കുടുംബത്തിലെ ഭൂരിപക്ഷം പേരെയും കോവിഡ് പിടികൂടിയിരുന്നു. ആരിഫയുടെ ഭർത്താവ് ഇഖ്ബാലിെൻറ സ്ഥിതി ഗുരുതരമായിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഇളയ സഹോദരി താഹിറക്കും പോസിറ്റിവായിരുന്നു. കൂടപ്പിറപ്പുകളുടെ മരണ വിവരം അറിഞ്ഞയുടൻ യു.എ.ഇയിലുള്ള മറ്റ് സഹോദരങ്ങളായ പി.കെ.വി. ഷഫീഖും പി.കെ.വി. അൻവർ സാദിഖും നാട്ടിലേക്കു തിരിച്ചു.എന്നാൽ, അസീസിന് മാത്രം യാത്ര കഴിഞ്ഞില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കായതിനാൽ യാത്ര ഒഴിവാക്കാൻ ഓഫിസിൽ നിന്ന് നിർദേശിക്കുകയായിരുന്നു.
ആഘോഷങ്ങളുടെ സംഗമവേദിയായിരുന്ന 'റാബിയ' മൻസിലിലേക്ക് നെഞ്ചുപിടക്കുന്ന വേദനയോടെയല്ലാതെ കയറിച്ചെല്ലാൻ കഴിയില്ലെന്ന് അസീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

