കുട്ടികള്‍ക്കൊപ്പം കളി പറഞ്ഞും പഠിപ്പിച്ചും -അസ്ഹര്‍
text_fieldsദുബൈ: പ്രായം 53 ആയി. പക്ഷെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇപ്പോഴും വലതുകൈയില്‍ ബാറ്റും വീശി ആകാശത്തേക്ക് നോക്കി പ്രാര്‍ഥിച്ച് ക്രീസിലേക്ക് നെഞ്ചുറപ്പോടെ നടക്കാന്‍ തയാറായി നില്‍ക്കുകയാണെന്ന് തോന്നും. ക്ളീന്‍ ഷേവ് ചെയ്ത് കൂളിങ് ഗ്ളാസും ധരിച്ച് അസ്ഹര്‍ ദുബൈ അല്‍ നാസര്‍ ക്ളബ്ബ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അവിടെ ഭാവിയുടെ വാഗ്ദാനങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. 1980കളുടെ മധ്യം മുതല്‍ ഒന്നര പതിറ്റാണ്ടോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്രീസ് വാണ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കുട്ടി ക്രിക്കറ്റര്‍മാര്‍ക്ക് ബാറ്റ് എങ്ങനെ പിടിക്കണമെന്നും പന്തിനെ എങ്ങിനെ നേരിടണമെന്നും ക്ഷമയോടെ പറഞ്ഞുകൊടുത്തു.
‘ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് കളിക്കാനും കഴിവു തെളിയിക്കാനും ഒരുപാട് അവസരങ്ങളുണ്ട്. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് അണ്ടര്‍ 19, അണ്ടര്‍ 22 എന്നീ രണ്ടു പ്രായഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12ാം വയസ്സില്‍ മിടുക്ക് കാട്ടുന്നവര്‍ക്കും മുതിര്‍ന്ന ശേഷമേ അത് തെളിയിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അണ്ടര്‍ 12, അണ്ടര്‍ 14 തുടങ്ങിയ പ്രായഗ്രൂപ്പുകളില്‍ ചെറുപ്പം മുതലേ ടൂര്‍ണമെന്‍റുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് വളരെ നല്ല കാര്യമാണ് ’-പരിശീലനത്തിനിടയില്‍ ‘ഗള്‍ഫ് മാധ്യമ‘ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അസ്ഹറുദ്ദീന്‍ പറഞ്ഞു. ദുബൈയിലെ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനും അക്കാദമിയിലെ കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കാനുമാണ് അസ്ഹറുദ്ദീന്‍ ദുബൈയിലത്തെിയത്. കുട്ടികള്‍ക്ക് കളി പറഞ്ഞുകൊടുക്കാന്‍ എനിക്ക് എന്നും ഇഷ്ടമാണ്.
അവരോടൊപ്പം കളിക്കുന്നത് ഏറെ സന്തോഷകരമാണ്-പന്തയ വിവാദത്തില്‍പ്പെട്ട് 16 വര്‍ഷം മുമ്പ് കളിയില്‍ വിലക്ക്വീണ അസ്ഹര്‍ പറഞ്ഞു.
അസ്ഹറിന് ആജീവനാന്ത വിലക്കുകല്‍പിച്ച ബി.സി.സി.ഐ നടപടി രണ്ടു വര്‍ഷം മുമ്പ് ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയിരുന്നു. കളിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ആരാധകവൃന്ദം കൈയൊഴിയുകയും ചെയ്ത കാലത്തും ഉപദേശം നേടി പ്രശസ്തരും അല്ലാത്തവരുമായ പല താരങ്ങളും തന്നെ കാണാന്‍ വരാറുണ്ടായിരുന്നെന്ന് അസ്ഹര്‍ പറഞ്ഞു. തന്നെ സ്നേഹിച്ചവര്‍ എല്ലാകാലത്തും കൂടെയുണ്ടായിരുന്നു. ആരെങ്കിലും തന്നെ മാറ്റിനിര്‍ത്തിയെങ്കില്‍ കാര്യമാക്കുന്നില്ല. നിങ്ങള്‍ പ്രതീക്ഷിക്കുമ്പോഴല്ളേ പ്രയാസമുള്ളൂ. അല്ളെങ്കില്‍ ഒന്നുമില്ല.
ഏകദിന മത്സരങ്ങളും ട്വന്‍റി ട്വന്‍റിയും പിടിമുറുക്കുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന്‍െറ പ്രസക്തിയും ചാരുതയും കുറയുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങിനെതോന്നുന്നില്ളെന്നായിരുന്നു 99 ടെസ്റ്റുകളില്‍ നിന്നായി 22 സെഞ്ച്വറികളും 6000ത്തിലേറെ റണ്‍സും സ്വന്തമാക്കിയ അസ്ഹറിന്‍െറ മറുപടി. ബോറടിപ്പിക്കുന്ന സമനിലകള്‍ ടെസ്റ്റില്‍ കുറഞ്ഞിട്ടുണ്ട്. വ്യക്തമായ ഫലങ്ങള്‍ ധാരാളം വരുന്നു. ഒരു കളിക്കാരന്‍െറ യഥാര്‍ഥ മികവ് കാണാന്‍ ടെസ്റ്റ് തന്നെ വേണം. പാക്കിസ്താന്‍ ടീമിന് ഇന്ത്യന്‍ മണ്ണില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നെങ്കില്‍ അത് സമ്പൂര്‍ണമായിരിക്കണമെന്ന് അസ്ഹര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പാക് അമ്പയര്‍മാര്‍ ഇന്ത്യയില്‍ കളി നിയന്ത്രിക്കാനത്തെുന്നുണ്ട്. പാക് കമന്‍േററ്റര്‍മാരും ഇന്ത്യയിലത്തെി അവരുടെ ജോലിയും ചെയ്യുന്നു. ഇത് ശരിയല്ല. കളിക്കാരെ അനുവദിക്കില്ളെങ്കില്‍ മറ്റുള്ളവരും പാടില്ല-അസ്ഹര്‍ നിലപാട് വ്യക്തമാക്കി. താങ്കളുടെ കാലത്ത് ഏറെ ആവേശം തീര്‍ത്തിരുന്ന ഇന്ത്യ-പാക് മത്സരങ്ങള്‍ ഇല്ലാതായതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അസ്ഹര്‍ ഇങ്ങിനെ മറുപടി പറഞ്ഞത്.
നിലവിലെ ഇന്ത്യന്‍ ടീം മികച്ചതാണെന്നും ക്യാപറ്റന്‍ വിരാട് കോഹ്ലി ഏറെ പ്രതിഭയുള്ള കളിക്കാരനാണെന്നും അസ്ഹര്‍ പറഞ്ഞു. ക്രിക്കറ്റില്‍ പണത്തിന്‍െറ ആധിപത്യം വര്‍ധിച്ചുവരുന്നത് സ്വഭാവികമാണ്. കളി കൂടുതല്‍ പേര്‍ കാണുന്നു. കൂടുതല്‍ സ്പോണ്‍സര്‍മാര്‍ എത്തുന്നു. സ്വഭാവികമായി പണവും വര്‍ധിക്കും. അതില്‍ പ്രശ്നമൊന്നുമില്ല. അതിന് നിരീക്ഷണ സംവിധാനമുണ്ടായാല്‍ മതി. ജസ്റ്റിസ് ലോധ കമ്മിറ്റിയും ബി.സി.സി.ഐയും തമ്മിലുള്ള തര്‍ക്കം കുറച്ചകൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നെന്ന് അസ്ഹര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പരിശീലിപ്പക്കാന്‍ സ്വന്തമായി അക്കാദമി തുടങ്ങാന്‍ ഉദ്ദേശ്യമില്ളെന്ന് അസ്ഹര്‍ പറഞ്ഞു.
ദുബൈയിലെ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയിലെ പരിശീലനാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി നല്‍കിയ വന്‍ സ്വീകരണം തന്നെ ഏറെ സ്പര്‍ശിച്ചതായി അസ്ഹര്‍ പറഞ്ഞു. 25 കുട്ടികള്‍ക്ക് അദ്ദേഹം പ്രത്യേകം പ്രത്യേകമായി പരിശീലനം നല്‍കി.