യു.എ.ഇയിൽ ഇനി ഏകീകൃത നമസ്കാര സമയപട്ടിക
text_fieldsഅബൂദബി: യു.എ.ഇയിൽ ഫെഡറൽ ഒൗഖാഫും പ്രാദേശിക ഒൗഖാഫുകളും പ്രസിദ്ധീകരിക്കുന്ന നമസ്കാര സമയപട്ടിക ഏകീകരിച്ചു. നിലവിലെ ഹിജ്റ വർഷമായ 1439ന് യു.എ.ഇ തലത്തിൽ ഏകീകൃത കലണ്ടർ പ്രസിദ്ധീകരിച്ചതോടെയാണ് നമസ്കാര സമയപട്ടികയിലും ഏകീകരണം സാധ്യമായത്. ഏകീകരിച്ച നമസ്കാര സമയപട്ടിക ഉൾപ്പെടുന്ന കലണ്ടർ എല്ലാ വകുപ്പുകൾക്കും പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അയച്ചുകൊടുത്തിട്ടുണ്ട്. സോഫ്റ്റ്വെയർ ജോലികൾ പൂർത്തിയാക്കി ഒക്ടോബറിൽ തന്നെ നമസ്കാര സമയപട്ടിക ഫെഡറൽ ഒൗഖാഫിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബൂദബി, റാസൽഖൈമ, ഫുജൈറ, അജ്മാൻ തുടങ്ങിയ എമിറേറ്റുകൾ പിന്തുടരുന്ന ഫെഡറൽ ഒൗഖാഫിെൻറയും ദുബൈയിലെയും ഷാർജയിലെയും തദ്ദേശീയ ഒൗഖാഫുകളുടെയും നമസ്കാര സമയ പട്ടികയിൽ നേരിയ വ്യത്യാസങ്ങൾ പ്രകടമായിരുന്നു. ഏകീകരണത്തോടെ ഇൗ സമയവ്യത്യാസങ്ങൾ ഇല്ലാതാകും. വിവിധ മൊബൈൽ ആപ്ലിക്കേഷനുകളിൽ വ്യത്യസ്ത നമസ്കാര സമയങ്ങൾ രേഖപ്പെടുത്തപ്പെടുന്നതിനും പുതിയ സംവിധാനം പരിഹാരമാകും. ഫെഡറൽ ഒൗഖാഫ് ആയിരിക്കും ഇനി പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ സവിശേഷതകളോടെയാണ് പുതിയ പട്ടിക പുറത്തിറക്കിയത്.
നേരത്തെ നഗരകേന്ദ്രീകൃതമായാണ് നമസ്കാര സമയം കണക്കാക്കിയിരുന്നതെങ്കിൽ ഏകീകൃത പട്ടികയിൽ കൂടുതൽ പ്രാദേശിക സമയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് അബൂദബി എമിറേറ്റിലെ അബൂദബി നഗരത്തിലെയും ഷഹാമയിലെയും നമസ്കാര സമയത്തിൽ നേരിയ വ്യത്യാസമുണ്ടാകും.നേരത്തെ അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, അൽെഎൻ, പടിഞ്ഞാറൻ മേഖല, ഖോർഫക്കാൻ എന്നിങ്ങനെ നഗങ്ങളിൽ മാത്രമേ നമസ്കാര സമയം കണക്കാക്കിയിട്ടുണ്ടായിരുന്നുള്ളൂ. അതുപോലെ ഉയരത്തിന് അനുസരിച്ച് നമസ്കാര സമയത്തിൽ വരുന്ന മാറ്റം രേഖപ്പെടുത്തുന്ന മാനദണ്ഡവും സ്വീകരിച്ചിട്ടുണ്ട്. അതായത് ബുർജ് ഖലീഫയുടെ താഴെ നിലകളിലുള്ള നമസ്കാര സമയമായിരിക്കില്ല മുകൾനിലകളിൽ. ഇത്തരം വിശദാംശങ്ങൾ പട്ടിക ഒൗഖാഫിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ലഭ്യമാകും.
യു.എ.ഇ തലത്തിൽ ഏകീകൃത കലണ്ടർ തയാറാക്കിയതിെൻറ പ്രഖ്യാപനം പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് നിർവഹിച്ചത്. മതപരവും ശാസ്ത്രീയവും ജ്യോതിശ്ശാസ്ത്രപരവുമായ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ തയാറാക്കിയതെന്ന് പ്രഖ്യാപന സമയത്ത് പ്രസിഡൻഷ്യൽകാര്യ സഹമന്ത്രി അഹ്മദ് ജുമ ആൽ സആബി വ്യക്തമാക്കിയിരുന്നു.
ഫെഡറൽ ഒൗഖാഫ്, അബൂദബി നീതിന്യായ വകുപ്പ്, ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെൻറ്, ഷാർജ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്, ഷാർജ സെൻറർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ്, അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ്, എമിറേറ്റ്സ് അസോസിയേഷൻ ഒാഫ് അസ്ട്രോണമി, ഇൻറർനാഷനൽ അസ്ട്രോണമിക്കൽ സെൻറർ എന്നിവയിലെ അറബ്^ഇസ്ലാമിക പണ്ഡിതരും ഭൗതികശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയിലെ വിദഗ്ധരും കലണ്ടർ തയാറാക്കുന്നതിന് നേതൃത്വം നൽകി. ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻററും മാർഗനിർദേശങ്ങൾ നൽകി.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി മൂന്ന് വർഷത്തിലധികം പഠനം നടത്തിയാണ് കലണ്ടർ ഏകീകരണം നടത്തിയത്. ദുബൈയിലും ഷാർജയിലുമായി പ്രശസ്ത പണ്ഡിതരും ജ്യോതിശ്ശാസ്ത്ര വിദഗ്ധരും പെങ്കടുത്ത ഫോറങ്ങളിലെ ശിപാർശകൾ കലണ്ടർ ഏകീകരണത്തിൽ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
