ആസാദി ഫെസ്റ്റിവൽ: ഇന്ത്യൻ എംബസിയിൽ ത്രിദിന ആഘോഷ പരിപാടികൾ
text_fieldsസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടി
അബൂദബി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി ഫെസ്റ്റിവൽ എന്ന പേരിൽ അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ അരങ്ങേറുന്നത് ത്രിദിന ആഘോഷ പരിപാടികൾ. 600ലേറെ കലാകാരന്മാരാണ് പരിപാടിയിൽ സംബന്ധിക്കുക. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം വിപുലമായ ഇത്തരമൊരു പരിപാടി അബൂദബിയിൽ ആദ്യമായാണ് നടക്കുന്നതെന്ന് ആസാദി ഫെസ്റ്റിവൽ ഉദ്ഘാടനശേഷം എംബസി വക്താവ് പറഞ്ഞു.
പ്രദർശനം, തത്സമയ പെയിന്‍റിങ്, കലാ ക്ലാസുകൾ, പാനൽ ചർച്ചകൾ, മത്സരങ്ങൾ, കവിത ശിൽപശാല, സാംസ്കാരിക നൃത്തങ്ങൾ മുതലായവ കുട്ടികൾക്കായി പരിപാടിയിൽ അരങ്ങേറും. ആസാദി കാ അമൃത് മഹോത്സവ് എന്ന തലവാചകത്തിൽ അധിഷ്ഠിതമാണ് കലാമേള. യു.എ.ഇയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള കലാകാരന്മാർ പരിപാടിയിൽ സംബന്ധിക്കും. ആഗസ്റ്റ് 15ന് മികച്ച കലാപരിപാടികൾ ഇന്ത്യൻ അംബാസഡർ പ്രഖ്യാപിക്കുന്നതോടെ ആഘോഷങ്ങൾക്ക് അവസാനമാകുമെന്ന് എംബസി വക്താവ് പറഞ്ഞു.
അബൂദബിയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായ അനിൽ കെജ്രിവാൾ കഴിഞ്ഞവർഷം രൂപം നൽകിയ ആർട്സ് ക്രാഫ്റ്റ്സ് ആണ് പരിപാടിയുടെ സംഘാടകർ. നിരവധി കലാകാരന്മാർ ഈ പ്ലാറ്റ്ഫോമിൽ അംഗങ്ങളാണ്. ഇവരും ആസാദി ഫെസ്റ്റിവലിൽ അണിനിരക്കുന്നുണ്ട്. എംബസിയിൽ ആദ്യമായാണ് തങ്ങൾ പരിപാടി അവതരിപ്പിക്കുന്നതെന്നും സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യുവ പ്രതിഭകൾക്ക് അംബാസഡർ സഞ്ജയ് സുധിർ നൽകുന്ന പ്രചോദനം വളരെ വലുതാണെന്നും അനിൽ കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

