ബോധവത്കരണം സജീവം; വേനൽക്കാല അപകടങ്ങൾ കുറഞ്ഞു
text_fields‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ
ദുബൈ: ആഭ്യന്തര മന്ത്രാലയം രാജ്യത്താകമാനം പ്രഖ്യാപിച്ച ‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ബോധവത്കരണ കാമ്പയിനുകൾ സജീവമാക്കി. ദുബൈ പൊലീസ് അസി. കമാൻഡന്റ് ഫോർ ഓപറേഷനൽ അഫയേഴ്സ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി അടക്കമുള്ളവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ വർഷങ്ങളിലായി ദുബൈയിൽ വേനൽക്കാല അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30വരെയുള്ള കാലയളവിൽ 3,481 അപകടങ്ങളിൽ 34 മരണങ്ങളാണ് സംഭവിച്ചത്. ഇതിൽ 43 ഗുരുതര പരിക്കുകളും 404 ഇടത്തരം പരിക്കുകളും 329 ചെറിയ പരിക്കുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം 2023ലെ ഇതേ കാലയളവിൽ 4,595 അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, 27 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതേവർഷം 46 ഗുരുതര പരിക്കുകളും 317 ഇടത്തരം, 292 ചെറിയ പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2022ൽ 5,285 അപകടങ്ങളാണുണ്ടായത്. ഇതിൽ 36 മരണം, 30 ഗുരുതര പരിക്കുകൾ, 231 ഇടത്തരം പരിക്കുകൾ, 246 ചെറിയ പരിക്കുകൾ എന്നിവയും രേഖപ്പെടുത്തിയെന്നും അധികൃതർ വെളിപ്പെടുത്തി.അപകടങ്ങളുടെ പ്രധാന കാരണങ്ങൾ പെട്ടെന്നുള്ള ലൈൻ മാറ്റം, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തത്, റെഡ് സിഗ്നൽ മറികടക്കുന്നത്, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ്.
ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിന് പൊതു, സ്വകാര്യ മേഖലകൾ സംയുക്തമായ പ്രവർത്തനം അനിവാര്യമാണെന്നും ബോധവത്കരണം ശക്തമാക്കുന്നതിൽ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പങ്കാളിത്തം നിർണായകമാണെന്നും മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ടയറുകളുടെ അവസ്ഥ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.പ്രത്യേകിച്ച് കടുത്ത വേനലിൽ ടയറുകൾ പൊട്ടിപ്പോകാനും അപകടങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്. അംഗീകൃതവും ഉയർന്ന ഗുണനിലവാരമുള്ളതുമായ ടയറുകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

