നവംബറെത്തി; വിനോദങ്ങളും വിശേഷങ്ങളുമായി യു.എ.ഇയിലെ എട്ട് പ്രധാന സംഭവങ്ങളും മാറ്റങ്ങളും
text_fieldsദുബൈ: യു.എ.ഇയിൽ ശരത്കാലമെത്തിയതോടെ ചൂട് കുറഞ്ഞ് കൂടുതൽ സുഖകരമായ അന്തരീക്ഷം രൂപപ്പെടുകയാണ്. വീടിന് പുറത്തിറങ്ങി വിവിധ വിനോദങ്ങളിൽ ഏർപ്പെടാൻ അനുകൂലമായ കാലാവസ്ഥയാണ് വരാനിരിക്കുന്നത്. പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ, റോഡുകളിലെ പുതുക്കിയ വേഗ പരിധികൾ, കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു മാസത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് എന്നിവയടക്കം നിരവധി പ്രധാന മാറ്റങ്ങൾക്കും പരിപാടികൾക്കുമാണ് നവംബർ സാക്ഷ്യം വഹിക്കുന്നത്. നവംബറിൽ യു.എ.ഇയിൽ വരുന്ന എട്ട് പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്..
ദുബൈയിലെ റോഡുകളിൽ വേഗ പരിധിയിൽ മാറ്റം
നവംബർ ഒന്നുമുതൽ ദുബൈയിലെ അഞ്ച് റോഡുകളിൽ പുതിയ സ്പീഡ് ലിമിറ്റ് നിലവിൽ വരും. അൽ റെബാത് സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ വേഗ പരിധി കുറച്ചപ്പോൾ, അൽ അസായൽ, അൽ മുസ്തഖ്ബൽ, ലത്തീഫ ബിൻത് ഹംദാൻ എന്നീ സ്ട്രീറ്റുകളിൽ വേഗ പരിധി വർധിപ്പിച്ചിട്ടുണ്ട്.
ദുബൈ ഫിറ്റ്നസ് ചലഞ്ച്
കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ പത്താം പതിപ്പ് നവംബറിൽ നടക്കും.
നവംബർ ഒന്ന്: ദുബൈ റൈഡ് (സൈക്ലിങ്)
നവംബർ ഏഴ്, എട്ട്: ഹത്താ ഡാമിൽ ദുബൈ സ്റ്റാൻഡ്-അപ്പ് പാഡിൽ
നവംബർ 22: ദുബൈ റൺ
നവംബർ 29: ദുബൈ യോഗ
പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ
അൽ ദഫ്റ മേഖലയിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സാദ് സിറ്റി, ലിവ എന്നീ രണ്ട് പുതിയ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ നവംബർ 30ന് പ്രവർത്തനമാരംഭിക്കും.
‘ദി സെന്‍റ് റീജിസ് ദുബൈ, ദി പാം’ വീണ്ടും തുറക്കുന്നു
ഏപ്രിൽ പകുതിയോടെ വൻതോതിലുള്ള അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പാം ജുമൈറയിലെ പ്രശസ്തമായ ‘ദി സെന്‍റ് റീജിസ് ദുബൈ’ ഹോട്ടൽ പുതിയ ഭാവത്തോടെ നവംബർ ഒന്നിന് വീണ്ടും അതിഥികളെ സ്വീകരിച്ചു തുടങ്ങും.
സിപ്രോഫ്ലോക്സാസിൻ നിരോധനം
മനുഷ്യർക്ക് ഉപയോഗിക്കുന്ന മരുന്നുകളോടുള്ള ബാക്ടീരിയൽ പ്രതിരോധം തടയുന്നതിനായി മൃഗചികിത്സയിൽ സിപ്രോഫ്ലോക്സാസിൻ അടങ്ങിയ മരുന്നുകളുടെ ഉപയോഗം നവംബർ ഒന്നുമുതൽ യു.എ.ഇ പൂർണമായി നിരോധിച്ചു. വിദേശത്തുനിന്നുള്ള എട്ട് ഉൽപന്നങ്ങളും ഒരു പ്രാദേശിക ഉൽപന്നവും ഉൾപ്പെടെ ഒമ്പത് മൃഗചികിത്സാ ഉൽപന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അൽ റുവയ്യയിൽ വിന്‍റർ ക്യാമ്പിങ്
മരുഭൂമിയിൽ ക്യാമ്പങ് ഇഷ്ടപ്പെടുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമായി ദുബൈയിലെ അൽ റുവയ്യയിൽ മരുഭൂമി ക്യാമ്പിങ് സീസൺ നവംബർ ഒന്നുമുതൽ 2027 ഏപ്രിൽ 30 വരെ നടക്കും. ഇത്തവണ 120 ശതമാനം കൂടുതൽ ശേഷിയോടെ 600 ക്യാമ്പ് പ്ലോട്ടുകളും, ആദ്യമായി 50 കാരവൻ പ്ലോട്ടുകളും, പ്രതിദിന വാടകക്ക് ലഭിക്കുന്ന 10 റെഡിമേഡ് ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.
യാസ് ബേയിൽ ബൻജി ജമ്പിങ്
സാഹസിക പ്രേമികൾക്കായി അബൂദബിയിലെ യാസ് ബേ വാട്ടർഫ്രണ്ടിൽ 50 മീറ്റർ ഉയരത്തിൽ നിന്നുള്ള ബൻജി ജമ്പിങ് സൗകര്യം നവംബർ ഒന്നുമുതൽ ഡിസംബർ മൂന്നുവരെ ലഭ്യമാകും. 299 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ
അബൂദബിയിലെ പ്രശസ്തമായ വിനോദമേളയായ ‘മദർ ഓഫ് ദി നേഷൻ’ ഫെസ്റ്റിവലിന്‍റെ പത്താം 10-ാം പതിപ്പ് ‘വേൾഡ് ഓഫ് വണ്ടർ’ എന്ന പ്രമേയത്തിൽ നവംബർ 28 മുതൽ 2027 ജനുവരി മൂന്നുവരെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ‘വേൾഡ് ഓഫ് വണ്ടർ’ എന്ന പ്രമേയത്തിൽ പുതിയ തീം സോണുകളും റൈഡുകളും ഉൾപ്പെടുത്തി അബൂദബി സിറ്റിയിലെ മൂന്ന് മേഖലകളിലായാണ് അഞ്ചാഴ്ചത്തെ കുടുംബ വിനോദമേള സംഘടിപ്പിക്കുന്നത്.

