സ്വയം നിയന്ത്രിത നിരീക്ഷണ വാഹനങ്ങൾ ഡിസംബറോടെ നിരത്തിലെത്തും
text_fieldsസ്വയം നിയന്ത്രിത നിരീക്ഷണ വാഹനങ്ങൾ യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ പരിശോധിക്കുന്നു
ദുബൈ: ഗതാഗത സുരക്ഷാരംഗത്ത് വിപ്ലവകരമായ മാറ്റം വാഗ്ദാനംചെയ്യുന്ന ദുബൈ പൊലീസിന്റെ സ്വയം നിയന്ത്രിത നിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലെത്തും. ദുബൈ പൊലീസിലെ സാങ്കേതിക വിദഗ്ധർ വികസിപ്പിച്ച എം. O1, എം. O2 വാഹനങ്ങളാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ വാഹനം റോഡിലിറക്കാനാകുമെന്നാണ് കരുതുന്നത്. ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള എം.O1 വാഹനം ഹൈവേകളിൽ വേഗനിയന്ത്രണങ്ങളെ നിരീക്ഷിക്കുന്നതിനായാണ് വിന്യസിക്കുക.
ഒന്നിലധികം കാമറകളുള്ള വാഹനത്തിന് വ്യക്തികളുടെ മുഖം സ്കാൻചെയ്ത് വിവരങ്ങൾ പൊലീസിന് കൈമാറാൻ സാധിക്കും. ഇതുവഴി കുറ്റവാളികൾ എന്ന് സംശയിക്കുന്നവരെ വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ പൊലീസിന് സാധിക്കും. അതോടൊപ്പം അപകടസമയങ്ങളിൽ വാഹനത്തിലെ ഡ്രോണുകൾ വിന്യസിക്കപ്പെടും. ഇവ പകർത്തുന്ന അപകടസ്ഥലത്തെ ദൃശ്യങ്ങൾ വിലയിരുത്തി വേഗത്തിൽ നടപടി സ്വീകരിക്കാനും കുറ്റവാളികളെ കണ്ടെത്താനും പൊലീസിന് സാധിക്കും. പ്രാദേശികമായി പൊതുസുരക്ഷ നിരീക്ഷിക്കാനാണ് എം.
O2 വാഹനം വിന്യസിക്കുക. എം. O1നേക്കാൾ താരതമ്യേന വലുപ്പം കുറഞ്ഞ വാഹനമാണിത്. രണ്ട് വാഹനങ്ങളുടെയും പ്രവർത്തനങ്ങൾ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ വിലയിരുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കൗൺസിൽ ഓഫ് ഹാപ്പിനസ് പോസിറ്റിവിറ്റി യോഗത്തിലാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നത്. ദുബൈ എക്സ്പോ സെന്ററിൽ നാലു ദിവസമായി നടന്ന പൊലീസ് ഉച്ചകോടിയിൽ ഈ വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

