മെട്രോ റെയിൽ പരിശോധനക്ക് ഓട്ടോമാറ്റിക് സംവിധാനം
text_fieldsറെയിൽ പരിശോധനക്ക് പുറത്തിറക്കിയ ഓട്ടോമാറ്റിക് സംവിധാനം
ദുബൈ: നഗരത്തിലെ മെട്രോ റെയിൽപാതയുടെ കാര്യക്ഷമത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കിയോലിസ് എം.എച്ച്.ഐ, ഫ്യൂച്ചർ മെയിന്റനൻസ് ടെക്നോളജീസ്(എഫ്.എം.ടി) എന്നിവയുമായി സഹകരിച്ചാണ് ആർ.ടി.എ ഓട്ടോമേറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഇൻസ്പെക്ഷൻ സിസ്റ്റം (എ.ആർ.ഐ.എസ്) എന്ന നൂതനമായ സംവിധാനം രൂപപ്പെടുത്തിയത്.
നിർമിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതാണ് നൂതന സംവിധാനം. നിർമിതബുദ്ധി, സുസ്ഥിര അടിസ്ഥാനസൗകര്യം എന്നിവയിൽ ആഗോളതലത്തിൽ ഏറ്റവും മുന്നിലെത്താനുള്ള ദുബൈയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഈ നൂതന സാങ്കേതികവിദ്യ ദുബൈ മെട്രോയുടെ പ്രവർത്തനരംഗത്ത് സുപ്രധാന പുരോഗതിയാണെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
അത്യാധുനിക ലിഡാർ സെൻസറുകൾ, ലേസറുകൾ, 3ഡി കാമറകൾ എന്നിവ സജ്ജീകരിച്ച റോബോട്ടിക് സംവിധാനം മെട്രോ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതെ റെയിൽ ട്രാക്കുകളും നിർണായക അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കും. ആഗോളതലത്തിൽ ഏറ്റവും വികസിതവും സുരക്ഷിതവുമായ പൊതുഗതാഗത ശൃംഖലയായി ദുബൈ മെട്രോയെ നിലനിർത്താനുള്ള യാത്രയിലെ മറ്റൊരു സുപ്രധാന കുതിച്ചുചാട്ടത്തെയാണ് പുതിയ സംവിധാനം പ്രതിനിധീകരിക്കുന്നതെന്ന് ആർ.ടി.എയുടെ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബത്ത് പറഞ്ഞു.
പുതിയ സംവിധാനത്തിലൂടെ സാധാരണ നേരിട്ടുള്ള പരിശോധന 70 ശതമാനം വരെ കുറക്കാൻ സാധിക്കും. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ കൂടുതൽ ഫലപ്രദമായി വിലയിരുത്താനും കഴിയും. പരിശോധനയുടെ സമയം ഏകദേശം 75 ശതമാനം കുറയുകയും ചെയ്യും. എ.ആർ.ഐ.എസ് ഉപയോഗിച്ച് 2,400 മനുഷ്യ മണിക്കൂറുകൾ വെറും 700 മനുഷ്യ മണിക്കൂറുകളായി കുറക്കാൻ കഴിയുമെന്നും അധികൃതർ വിശദീകരിച്ചു. അറ്റകുറ്റപ്പണി മുൻകൂറായി തിരിച്ചറിയപ്പെടുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ്സ് വർധിപ്പിക്കാനും പരിപാലന ചെലവ് 25 ശതമാനംവരെ കുറക്കാനും കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

