യു.എ.ഇയിൽ ഭക്ഷ്യ ലഭ്യതയിൽ ആശങ്കവേണ്ടെന്ന് അധികൃതർ
text_fieldsLulu store
ദുബൈ: ഹൈപ്പർ മാർക്കറ്റുകളിലും ഷോപ്പുകളിലും ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ദുബൈയിലെ സ്വകാര്യ മേഖലയുടെ പ്രവർത്തനം സാധാരണഗതിയിൽ തുടരുകയാണ്. ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ തടസ്സങ്ങളുള്ളതായി റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എമിറേറ്റിന്‍റെ സാമ്പത്തിക മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതിലും നിലനിർത്തുന്നതിലും സ്വകാര്യ മേഖലയുടെ പ്രതിബദ്ധതയെയും പ്രതിരോധശേഷിയെയും അഭിനന്ദിക്കുന്നതായി അധികൃതർ അറിയിച്ചു. ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന ഭയത്താൽ ഞായറാഴ്ച കടകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഇസ്രായേൽ -ഇറാൻ യുദ്ധം പശ്ചിമേഷ്യയിലെ ഭക്ഷ്യവിതരണത്തെ ബാധിച്ചേക്കുമെന്ന ഭയം വേണ്ടെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളിലായി 280 ലധികം ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ലുലു സ്റ്റോറുകളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം സാധാരണ നിലയിലാണെന്ന് എം.എ യൂസുഫലി പ്രസ്താവനയിൽ അറിയിച്ചു. മുഴുവൻ കേന്ദ്രങ്ങളിലും ആവശ്യമായ സാധനങ്ങളുടെ സ്റ്റോക്കുണ്ട്.
സാധനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്താൻ എല്ലാ പങ്കാളികളോടും ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സാധനങ്ങളുടെ പൂഴ്ത്തിവെപ്പും അമിത വില വർധനവും തടയാൻ ഫലപ്രദമായ നടപടിക്രമങ്ങളും യു.എ.ഇ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

