എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കൽ ഓർമിപ്പിച്ച് അധികൃതർ
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടത് നിയമപരവും ധാര്‍മികവുമായ കടമയാണെന്ന് ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ച് അധികൃതര്‍. അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അബൂദബി ആരോഗ്യവകുപ്പും എ.ഡി മൊബിലിറ്റിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷയെന്നത് കൂട്ടുത്തരവാദിത്തമാണ്. അടിയന്തരസാഹചര്യങ്ങളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ അബൂദബി പൊലീസ് പ്രയത്‌നിക്കും.
എന്നാല്‍ ഈ സമയം റോഡിലുള്ളവരുടെ സഹകരണത്തിലൂടെ മാത്രമാണ് ഈ ദൗത്യം തുടങ്ങുന്നത്. അബൂദബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കുമാണ് എപ്പോഴും റോഡില്‍ മുന്‍ഗണന. കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കേണ്ട സമയമാണെങ്കിൽപോലും എമര്‍ജന്‍സി വാഹനങ്ങള്‍ വരുമ്പോള്‍ അവക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നും കാല്‍നടയാത്രികര്‍ വഴിയരികില്‍ തന്നെ തുടരണമെന്നും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോയില്‍ വിവിധ വകുപ്പുകള്‍ അറിയിച്ചു.
എമര്‍ജന്‍സി, ആംബുലന്‍സ്, പൊലീസ് ഔദ്യോഗിക വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് വഴി നല്‍കുന്നതിന് വീഴ്ച വരുത്തിയാല്‍ 3000 ദിര്‍ഹം പിഴയും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തിരക്കേറിയ സമയങ്ങളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പാതയിലൂടെ വാഹനമോടിക്കാൻ പാടില്ല.
ഷോള്‍ഡര്‍ റോഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര വാഹനങ്ങള്‍ക്കുമായുള്ളതാണെന്നും ഈ പാത മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ജീവന്‍രക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഡേഞ്ചറസ് ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു. ഷോള്‍ഡര്‍ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങിന് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

