അതുല്യയുടെ ദുരൂഹ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
text_fieldsഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. ഒരു വർഷം മുമ്പാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി തിങ്കളാഴ്ച രാവിലെ കമ്പനി നേരിട്ട് സതീഷിനെ അറിയിച്ചുവെന്നാണ് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ കമ്പനിക്ക് സതീഷ് വിശദീകരണം നൽകിയിരുന്നു. കമ്പനിയുടെ എല്ലാ പിന്തുണയും ഉണ്ടെന്നായിരുന്നു സതീഷ് വ്യക്തമാക്കിയിരുന്നത്.
അതേസമയം ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സതീഷിനെ വിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആശ്രിത വിസയിലാണ് അതുല്യയും താമസിച്ചിരുന്നത്. പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും വിസ കാൻസലേഷനടക്കമുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിൽ സതീഷ് കോൺസുലേറ്റിൽ ഹാജരാകണം. പക്ഷേ, കോൺസുലേറ്റിൽ താൻ പോകേണ്ടതില്ലെന്ന നിലപാടിലാണ് സതീഷ്. തനിക്കും സത്യം അറിയണമെന്നും താൻ നിരപരാധിയാണെന്നും സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുറ്റക്കാരനെങ്കിൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്നും സതീഷ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സ്വകാര്യ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, പിറന്നാൾ ദിനത്തിൽ തന്നെ സ്വയം ജീവനൊടുക്കുകയായിരുന്നു. 10 വയസ്സുകാരിയായ ഏകമകൾ ആരാധ്യ നാട്ടിൽ വിദ്യാർഥിയാണ്. മുൻ പ്രവാസിയായ ഓട്ടോ ഡ്രൈവർ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ് മരണപ്പെട്ട അതുല്യ. സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

