ദുബൈയിൽ 218 കോടി രൂപ വിലയുള്ള രത്നം മോഷ്ടിക്കാൻ ശ്രമം
text_fieldsദുബൈ: വിപണിയിൽ 218 കോടി രൂപ (25 ദശലക്ഷം ഡോളർ) വിലയുളള അപൂർവ പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം തകർത്ത് ദുബൈ പൊലീസ്. സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിലായി. ‘പിങ്ക് ഡയമണ്ട്’ എന്ന് പേരിട്ട രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ദുബൈയിലെ ഒരു രത്നവ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. മോഷണത്തിനായി ഒരു വർഷം നീണ്ട ആസൂത്രണമാണ് പ്രതികൾ നടത്തിയത്. പ്രമുഖ ജിമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തിയ രത്നത്തിന് 21.25 കാരറ്റാണ് പരിശുദ്ധി. ഇതിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ലെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ മറ്റൊന്ന് കണ്ടെത്താനുള്ള സാധ്യത വെറും 0.01 ശതമാനം മാത്രമാണ്.
ദുബൈയിൽ ഒരു ജ്വല്ലറി ഉടമയുടെ കൈവശം അപൂർവ രത്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗൂഢാലോചനയുടെ തുടക്കം. വ്യാപാരിയെ സമീപിച്ച സംഘം അതി സമ്പന്നനായ ഒരാൾ രത്നം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
വ്യാപാരിയുടെ വിശ്വാസം നേടുന്നതിന് പ്രതികൾ ആഡംബര കാറുകൾ വാടകക്ക് എടുക്കുകയും വമ്പൻ ഹോട്ടലുകളിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ രത്നത്തിന്‍റെ മാറ്റ് അറിയുന്നതിനായി ഒരു വിദഗ്ധനേയും ഒപ്പം കൂട്ടിയിരുന്നു. ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ പ്രതികളുടെ അഭിനയത്തിൽ വിശ്വസിച്ച വ്യാപാരി അതീവ സുരക്ഷയിൽ സൂക്ഷിച്ചിരുന്ന രത്നം പുറത്തേക്ക് കൊണ്ടുവരാമെന്ന് സമ്മതിച്ചു.
തുടർന്ന് പ്രതികൾ വ്യാപാരിയെ രത്നം വാങ്ങാമെന്നേറ്റ ആൾ താമസിക്കുന്ന ഒരു വില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് വ്യാപാരി രത്നം പുറത്തെടുത്ത ഉടനെ തട്ടിയെടുക്കുകയും സ്ഥലം വിടുകയുമായിരുന്നു. സംഭവം നടന്ന ഉടനെ വ്യാപാരി പൊലീസിൽ റിപോർട്ട് ചെയ്തോടെ പ്രത്യേക ടീം രൂപവത്കരിച്ച് ധ്രുതഗതിയിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അതിനൂതനമായ ട്രാക്കിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏഷ്യൻ വംശജരായ പ്രതികളുടെ ലൊക്കേഷൻ പൊലീസിന് കണ്ടെത്താനായി.
ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയാണ് രത്നം കണ്ടെത്തിയത്. ഒരു ഏഷ്യൻ രാജ്യത്തേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു രത്നം. എട്ട് മണിക്കൂറിനുള്ളിലാണ് പ്രതികളെ പൊലീസിന് പിടിക്കാനായത്. പ്രതികൾ രാജ്യം വിട്ടിരുന്നെങ്കിൽ രത്നം ഒരിക്കലും കണ്ടെത്താനാവുമായിരുന്നില്ല. ദുബൈ പൊലീസിന്‍റെ നടപടിയിൽ രത്ന വ്യാപാരി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

