പൊലീസിന്റെ പേരിലും സൈബർ തട്ടിപ്പിന് ശ്രമം
text_fieldsഅബൂദബി: ദുബൈ പൊലീസിന്റെ പേരില്‍, എ.ടി.എം കാര്‍ഡ് ബ്ലോക്കാണെന്നും ഒ.ടി.പി പറഞ്ഞാല്‍ ബ്ലോക്ക് മാറ്റി നല്‍കാമെന്നും മൊബൈല്‍ വിളി. ബാങ്ക് അക്കൗണ്ടോ റസിഡന്റ് വിസയോ ഇല്ലാത്ത സന്ദർശക വിസക്കാരന് വ്യാജ ഫോണാണെന്ന് മനസ്സിലാക്കി കട്ടാക്കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുമ്പോഴും കുറ്റവാളികള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ടെന്നാണ് വ്യാപകമായ വ്യാജ ഫോണ്‍കാളുകളും ഇ-മെയില്‍ മെസേജുകളും തെളിയിക്കുന്നത്. +971523102892 എന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് കഴിഞ്ഞദിവസം ഒ.ടി.പി ആവശ്യപ്പെട്ട് ദുബൈ പൊലീസിന്റെ പേരില്‍ വിളി വന്നത്. ബാങ്കുകളുടെ പേരില്‍ വ്യാജ വാട്സ്ആപ് മെസേജുകള്‍ അയച്ച് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും കെണിയിൽപെടുത്തുകയും ചെയ്യുന്നത് മുമ്പേതന്നെ കുറ്റവാളികള്‍ ചെയ്യുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ നമ്പറിലേക്ക് ഫോണ്‍വിളികളും വാട്സ്ആപ് മെസേജുകളും ഓണ്‍ലൈന്‍ തട്ടിപ്പിനായി എത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
പലവിധത്തിലുള്ള തട്ടിപ്പുകളിലൂടെ കോടിക്കണക്കിനു രൂപയാണ് പലർക്കും നഷ്ടമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അബൂദബി പൊലീസ് 210 ലക്ഷം ദിര്‍ഹമാണ് തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് മടക്കിനല്കിയത്. മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറരുതെന്നും സംശയകരമായ ഫോണ്കാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അബൂദബി പൊലീസ് സുരക്ഷാ സംവിധാന കേന്ദ്രത്തിന് തുടക്കമിട്ടത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. തട്ടിപ്പ് വിവരമറിഞ്ഞാലുടന്‍ ഈ കേന്ദ്രം ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുകയും തട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പ് നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും അബൂദബി ക്രിമിനല്‍ കോടതി 79പേരെ ശിക്ഷിച്ചിരുന്നു. മൂന്നു മുതല്‍ 15 വര്‍ഷംവരെ തടവും രണ്ടു ലക്ഷം മുതല്‍ 10 ദശലക്ഷം ദിര്‍ഹം വരെ പിഴയുമാണ് വിധിച്ചത്.
ഇക്കാര്യങ്ങൾ ഓർക്കാം:
•ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എ.ടി.എം പിന്നുകള്‍, സെക്യൂരിറ്റി നമ്പര്‍ (സി.സി.വി)മുതലായ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്
•ഇത്തരം വിവരങ്ങള്‍ ആരെങ്കിലുമായി പങ്കുവെച്ചുപോവുകയും പണം പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്തുവെന്ന് കണ്ടെത്തിയാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് വിവരം കൈമാറുക
•തട്ടിപ്പുകളെക്കുറിച്ച് 8002626 എന്ന അമാന്‍ സര്‍വിസ് നമ്പറില്‍ വിളിച്ചറിയിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

