സുഡാനിലേക്ക് ആയുധം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
text_fieldsഅബൂദബി: സുഡാൻ സായുധസേനക്ക് വേണ്ടി ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കടത്താനുള്ള ശ്രമം യു.എ.ഇ സുരക്ഷാ വൃത്തങ്ങൾ പരാജയപ്പെടുത്തിയതായി അറ്റോണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി അറിയിച്ചു. ആവശ്യമായ ലൈസൻസില്ലാതെ ഇടനിലക്കാരായി പ്രവർത്തിച്ച് ആയുധം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നിൽ ഒരു സ്വകാര്യ വിമാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിമാനത്തിൽ ഏകദേശം 50 ലക്ഷം റൗണ്ട് മെഷീൻ ഗണ്ണിലുപയോഗിക്കുന്ന വെടിമരുന്ന് ഉണ്ടായിരുന്നു.
ഇടപാടിൽനിന്നുള്ള സാമ്പത്തിക വരുമാനത്തിന്റെ ഒരുഭാഗം സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഹോട്ടൽ മുറികളിൽനിന്ന് അധികൃതർ പിടിച്ചെടുത്തു. അന്വേഷണത്തിൽ സുഡാൻ മുൻ ഇന്റലിജൻസ് മേധാവി സലാഹ് ഘോഷ്, ഇന്റലിജൻസ് ഏജൻസിയിലെ മുൻ ഉദ്യോഗസ്ഥൻ, ധനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്, ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യാസർ അൽ അത്ത എന്നിവരുമായി അടുപ്പമുള്ള രാഷ്ട്രീയ വ്യക്തി എന്നിവരുൾപ്പെടെ സുഡാനിലെ സൈനിക നേതാക്കളുടെ പങ്കാളിത്തം സെൽ അംഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നിരവധി സുഡാനിലെ ബിസിനസുകാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
കലാഷ്നിക്കോവ് റൈഫിളുകൾ, വെടിമരുന്ന്, മെഷീൻ ഗൺ, ഗ്രനേഡുകൾ എന്നിവ ഉൾപ്പെടുന്ന ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണ ഇടപാട് കരാർ സെൽ അംഗങ്ങൾ പൂർത്തിയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തുനിന്നുള്ള സ്വകാര്യ വിമാനത്തിൽ യു.എ.ഇ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
ഇന്ധനം നിറയ്ക്കാൻ വിമാനം ലാൻഡ് ചെയ്തപ്പോൾ, അറ്റോണി ജനറൽ പുറപ്പെടുവിച്ച ജുഡീഷ്യൽ വാറണ്ടുകളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.സംഭവം യു.എ.ഇയുടെ ദേശീയ സുരക്ഷയുടെ ഗുരുതരമായ ലംഘനമാണെന്ന് അറ്റോണി ജനറൽ വ്യക്തമാക്കി.പ്രതികളെ അടിയന്തരമായി വിചാരണ നടപടികൾക്ക് റഫർ ചെയ്യുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ നടപടിക്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

