‘അറ്റ് ലാന്റിസ് ദി റോയൽ’ തുറന്നു; അഭിമാനമെന്ന് ശൈഖ് മുഹമ്മദ്
text_fieldsഅറ്റ്ലാന്റിസ് ദി റോയലിനുമുന്നിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: നഗരത്തിലെ ഏറ്റവും പുതിയ ലാൻഡ്മാർക്കായ ‘അറ്റ്ലാന്റിസ് ദി റോയൽ’ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു.
പാം ജുമൈറ ദ്വീപിലെ ആഡംബര റിസോർട്ട് ശനിയാഴ്ച രാത്രി തുറക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം നടത്തിയത്. ടൂറിസം രംഗത്തേക്ക് പുതുതായി ചേർക്കുന്ന വാസ്തുവിദ്യ മാസ്റ്റർപീസാണ് ഹോട്ടലെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. 40 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ, ഉയർന്ന പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന ആറ് ടവറുകളാണ് കെട്ടിടം.
വാട്ടർഫ്രണ്ടുകളും മനോഹര പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളുമുള്ള കെട്ടിടത്തിന് 178 മീറ്റർ ഉയരമാണുള്ളത്. എമിറേറ്റിന്റെ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും സന്ദർശകരെ അതിശയകരമായ സൗകര്യങ്ങളോടെ സ്വാഗതം ചെയ്ത് സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റിൽ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാൻ യു.എ.ഇയും ദുബൈയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാം ജുമൈറയുടെ പുറം ഭാഗത്തെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ദ്വീപിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
ശൈഖ് മുഹമ്മദ് ഹോട്ടലിന്റെ അകവും പുറവും സന്ദർശിക്കുകയും സൗകര്യങ്ങൾ വീക്ഷിക്കുകയും ചെയ്തു. ലോകത്തിലെ പ്രമുഖ ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്നാണ് ‘അറ്റ്ലാന്റിസ് ദി റോയൽ’ രൂപകൽപന ചെയ്തത്. 795 മുറികളുള്ള ഹോട്ടലിൽ 90 നീന്തൽക്കുളങ്ങളും 17 റസ്റ്റാറന്റുകളുമുണ്ട്. റസ്റ്റാറന്റുകളിൽ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടർ ഫൗണ്ടനും ഇതിലുണ്ട്. മനോഹരമായ ജലസംവിധാനങ്ങൾ, ശിൽപങ്ങൾ, വർണ പാലറ്റുകൾ എന്നിവ ഉപയോഗിച്ച് ജലം അമൂല്യമാണെന്ന സന്ദേശം കൂടി ഹോട്ടൽ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

