മാളിൽ സാധാരണക്കാർക്കിടയിൽ ദുബൈ ഭരണാധികാരി; സന്ദർശന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സൂപ്പർമാർക്കറ്റിൽ
ദുബൈ: നഗരത്തിലെ സാധാരണക്കാർക്കിടയിലൂടെ സഞ്ചരിച്ച് കാഴ്ചക്കാരിൽ കൗതുകം നിറക്കുകയാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ ആഴ്ച ദേരയിലും ദുബൈ മാളിലും സന്ദർശനം നടത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നഗരത്തിലെ തിരക്കേറിയ മാൾ ഓഫ് എമിറേറ്റ്സിലാണ് എത്തിയത്. മാളിലൂടെ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുനീങ്ങുന്ന അദ്ദേഹത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഭരണാധികാരിയെ നേരിൽ കണ്ട ആഹ്ലാദത്തിൽ പലരും ചിത്രങ്ങൾ പകർത്തുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാളിലെ സൂപ്പർമാർക്കറ്റിലും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങാൻ എത്തിയവർ ഭരണാധികാരിയെ മുന്നിൽ കണ്ട് അത്ഭുതപ്പെടുകയാണ്.
കഴിഞ്ഞ ആഴ്ചയും നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലൂടെ ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ശൈഖ് മുഹമ്മദിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ചൊവ്വാഴ്ച അൽ ഹംരിയ തുറമുഖത്തിന്‍റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി ദേരയിലെ തിരക്കേറിയ തെരുവിലൂടെ വാഹനത്തിൽ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പലരും പ്രിയപ്പെട്ട ഭരണാധികാരിയെ കാണുന്നതിന് കടകളിൽ നിന്നിറങ്ങുന്നതും കാണാം.
ദുബൈ ട്രാമിൽ ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വിഡിയോയും പുറത്തുവന്നു. യാത്രക്കാർ അതിശയപൂർവം അദ്ദേഹത്തെ വീക്ഷിക്കുന്നതും ചിലർ വീഡിയോയിൽ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നേരത്തെ പല തവണകളിലായി ദുബൈ മാൾ അടക്കമുള്ള സ്ഥലങ്ങളിൽ ശൈഖ് മുഹമ്മദ് എത്തിച്ചേർന്ന വിഡിയോകൾ പ്രചരിച്ചിരുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന അദ്ദേഹത്തിന്‍റെ ലാളിത്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

