ശ്രദ്ധേയരായി ബഹിരാകാശയാത്രികരുടെ സംഘം
text_fieldsബഹിരാകാശ യാത്രയിൽ കൂടെക്കൊണ്ടുപോയ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പതാക സുൽത്താൻ അൽ നിയാദി ശൈഖ് ഹംദാന് സമ്മാനിക്കുന്നു. മറ്റു ബഹിരാകാശ യാത്രികർ സമീപം
ദുബൈ: നഗരം ഓടിത്തിമിർത്ത ഇത്തവണത്തെ ദുബൈ റണ്ണിൽ ശ്രദ്ധേയരായി ബഹിരാകാശ യാത്രികർ. യു.എ.ഇ ബഹിരാകാശയാത്രികരായ സുൽത്താൻ അൽ നിയാദി, ഹസ്സ അൽ മൻസൂരി എന്നിവർക്കൊപ്പം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറു മാസത്തെ യാത്രയിൽ അൽ നിയാദിയുടെ കൂടെയുണ്ടായിരുന്ന ‘എക്സ്പഡിഷൻ 69’ ക്രൂ അംഗങ്ങളും റണ്ണിൽ അണിനിരന്നു. അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ഫ്രാൻസിസ്കോ റൂബിയോ എന്നിവരും റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപെവ്, ദിമിത്രി പെറ്റലിൻ എന്നിവരുമാണ് റണ്ണിൽ പങ്കെടുത്തത്.
ബഹിരാകാശ യാത്രയിൽ അൽ നിയാദി കൂടെകൊണ്ടുപോയ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പതാക ചടങ്ങിൽ ശൈഖ് ഹംദാന് സമ്മാനിച്ചു. ‘എക്സ്പഡിഷൻ 69’ എന്ന ലോഗോ പതിച്ച ഇരുണ്ട നിറത്തിലെ വസ്ത്രം ധരിച്ചാണ് ബഹിരാകാശ യാത്രികർ റണ്ണിൽ പങ്കെടുത്തത്. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ശൈഖ് ഹംദാനൊപ്പം ഇവർ ഒത്തുകൂടുകയും ചെയ്തു.
ബഹിരാകാശയാത്രയിൽ തന്റെ രാജ്യത്തെക്കുറിച്ച് സഹയാത്രികരോട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെന്നും ഇപ്പോൾ ദുബൈ റണ്ണിൽ പങ്കെടുത്തുകൊണ്ട് അവർക്ക് അത് അനുഭവിക്കാൻ സാധിച്ചുവെന്നും പിന്നീട് അൽ നിയാദി ‘എക്സി’ൽ കുറിച്ചു. ഫിറ്റ്നസിന്റെ പ്രാധാന്യം ഏവരും തിരിച്ചറിയുന്നതിനും ദുബൈ റൺ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനും ബഹിരാകാശയാത്രികരുടെ സാന്നിധ്യം സഹായിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

