ഛാഡിൽ 67ാമത് മൊബൈൽ മെഡിക്കൽ യൂനിറ്റുമായി ആസ്റ്റർ വളന്റിയേഴ്സ്
text_fieldsആസ്റ്റർ വളന്റിയേഴ്സ് 67ാമത് മൊബൈൽ മെഡിക്കൽ യൂനിറ്റ് ഫ്ലാഗ് ഓഫ് ചടങ്ങ്
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ മുഖമായ ആസ്റ്റർ വളന്റിയേഴ്സ് ആഫ്രിക്കൻ രാജ്യമായ ഛാഡിലെ പാർശ്വവത്കരിക്കപ്പെട്ട വിദൂരപ്രദേശങ്ങളിലെ സമൂഹങ്ങൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി 67ാമത് മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു. ദുബൈയിലെ ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ നടന്ന പ്രത്യേക ചടങ്ങിൽ മൊബൈൽ യൂനിറ്റ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു.
ഐ.ഒ.ടി സംയോജിത ടെലി-ഹെൽത്ത് സംവിധാനങ്ങൾ, കൺസൾട്ടേഷൻ റൂമുകൾ, രോഗനിർണയ സൗകര്യങ്ങൾ, മെഡിസിൻ ഡിസ്പെൻസിങ് സേവനങ്ങൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ -വിദ്യാഭ്യാസ സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന പുതിയ യൂനിറ്റ് ഛാഡിന്റെ പ്രാഥമിക ആരോഗ്യശേഷി ശക്തിപ്പെടുത്തുന്നതിനും അർഹരായ ജനങ്ങൾക്ക് നേരിട്ട് അവശ്യ സേവനങ്ങൾ നൽകുന്നതിനും രൂപകൽപന ചെയ്തിട്ടുള്ളതാണ്. മധ്യ ആഫ്രിക്കയിലെ ആരോഗ്യ പരിരക്ഷ ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഛാഡ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, യു.എ.ഇയിലെ റിപ്പബ്ലിക് ഓഫ് ഛാഡ് അംബാസഡർ ഉമർ ടെഗ്വെൻ ഇഡിബീ ബെർഡെ, ഛാഡ് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് യൂസിഫ് മുഹമ്മദ് എൽനൂർ ഷാത എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിന് നേതൃത്വം നൽകി.
67ാമത് ആസ്റ്റർ വളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ യൂനിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ, കൂടുതൽ മാനുഷിക സേവന ശ്രമങ്ങൾ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ. വിൽസൺ, ദുബൈയിലെ ഛാഡ് കോൺസുലേറ്റിലെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

