ആസ്റ്റര്‍ വളന്‍റിയേഴ്‌സ് സേവനം ഉത്തരേന്ത്യയിലേക്കും
text_fieldsആസ്റ്റർ ഡി.എം വളന്‍റിയേഴ്‌സ് ബംഗളൂരുവില്‍ ആരംഭിച്ച മൊബൈൽ യൂനിറ്റുകൾ ഡോ. ആസാദ് മൂപ്പൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്‍റെ ആഗോള സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വളന്‍റിയേഴ്‌സ് ബംഗളൂരുവില്‍ അഞ്ച് പുതിയ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി പുറത്തിറക്കി. ഇതോടെ ആസ്റ്റര്‍ വളന്‍റിയേഴ്‌സിന്‍റെ ആഗോള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളുടെ എണ്ണം 76ഉം ഇന്ത്യയിലെ യൂനിറ്റുകളുടെ എണ്ണം 54ഉം ആയി. കേപെക്‌സ് മുഖാന്തിരം ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ വഴിയാണ് ആസ്റ്റര്‍ വളന്‍റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. പുതിയ മെഡിക്കല്‍ യൂണിറ്റുകള്‍ റാഞ്ചി, കാണ്‍പൂര്‍, ഭോപ്പാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങള്‍, തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍, വയോധികര്‍, ഭവനരഹിതര്‍ എന്നിവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി വിന്യസിച്ചു. ആസ്റ്റര്‍ വളന്‍റിയേഴ്‌സ് സന്നദ്ധ സംഘടനയായ തണലുമായി ചേര്‍ന്ന് മുന്‍പ് ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, പട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അഞ്ച് യൂണിറ്റുകള്‍ വിന്യസിച്ചിരുന്നു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ്- തണല്‍, ട്രസ്റ്റി അബ്ദുല്‍ നാസര്‍ കര്‍ണാടക മലബാര്‍ ഗ്രൂപ്പ് റീജിയണല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് ഗുണനിലവാരമുള്ള ചികിത്സ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തരപരിശ്രമത്തിന്‍റെ പ്രതിഫലമാണ് പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അത്യാവശ്യമായ വൈദ്യസഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ, രോഗപ്രതിരോധ പരിശോധനകള്‍, പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണ്ണയം, കൃത്യസമയത്തുള്ള ഇടപെടല്‍ എന്നിവ ഉറപ്പാക്കി സാധാരണക്കാരിലേക്കുള്ള ആരോഗ്യസേവനം കൂടുതല്‍ ശക്തമാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇവ വെറുമൊരു സഞ്ചരിക്കുന്ന ക്ലിനിക്കുകളല്ല, മറിച്ച് എല്ലാവര്‍ക്കും തുല്യമായ ആരോഗ്യസേവനം ലഭ്യമാക്കുന്നതിനും ചികിത്സാ സൗകര്യങ്ങളിലെ വിടവുകള്‍ നികത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

