ആസ്റ്റർ വളന്റിയേഴ്സ് 100 മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ കൂടി ഒരുക്കുന്നു
text_fieldsആസ്റ്റർ വളന്റിയേഴ്സിന്റെ മൊബൈൽ ക്ലിനിക്
ദുബൈ: 39ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സിലൂടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ മാനുഷിക സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ചു. 2027 ഡിസംബർ 11ന് 40ാം വാർഷികത്തോടെ ആസ്റ്റർ വളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സർവിസസ് (എ.വി.എം.എം.എസ്) യൂനിറ്റുകളുടെ എണ്ണം 100ൽ എത്തിക്കാനും സന്നദ്ധപ്രവർത്തകരുടെ ശൃംഖല 100,000 അംഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആഗോളതലത്തിൽ എട്ട് ദശലക്ഷം ഗുണഭോക്താക്കളിലേക്ക് സേവനം ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
നിലവിൽ, ആസ്റ്റർ വളന്റിയേഴ്സ് 20 രാജ്യങ്ങളിൽ 95,000 ത്തിലധികം സന്നദ്ധപ്രവർത്തകരടങ്ങുന്ന ശൃംഖലയോടെയാണ് പ്രവർത്തിക്കുന്നത്. ഏഴ് ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് നിലവിൽ സേവനമെത്തിക്കുന്നത്. ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും അഞ്ച് പുതിയ രാജ്യങ്ങളെ ചേർത്ത് 25 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
ആസ്റ്റർ വളന്റിയേഴ്സ് നിലവിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ മൊത്തം 67 മൊബൈൽ മെഡിക്കൽ യൂനിറ്റുകളും (എം.എം.യു) നടത്തിവരുന്നു.
പ്രാഥമിക ആരോഗ്യസേവനങ്ങൾ വിദൂരപ്രദേശങ്ങളിൽ ജീവിക്കുന്ന അർഹരായവരിലേക്ക് നേരിട്ട് എത്തിച്ചുകൊണ്ടാണ് ഈ ദൗത്യം നിറവേറ്റുന്നത്.
ഇന്ത്യയിൽ, ആസ്റ്റർ ഡി.എം ഫൗണ്ടേഷനുകീഴിൽ, ആസ്റ്റർ ഹോസ്പിറ്റൽസ് ശൃംഖലയിലുടനീളം റേഡിയേഷൻ, ഓങ്കോളജി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആസ്റ്റർ 120 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, അഞ്ച് സമർപ്പിത സൗജന്യ റേഡിയേഷൻ തെറാപ്പി യൂനിറ്റുകളും പുറത്തിറക്കും. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് നൂതന കാൻസർ പരിചരണത്തിലേക്കുള്ള പ്രവേശനം വലിയ തോതിൽ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

