സങ്കീര്‍ണമായ ഗ്ലൂക്കോമ രോഗത്തിന് വിജയകരമായ ചികിത്സ ലഭ്യമാക്കി ആസ്റ്റര്‍
text_fieldsഡോ. ഭൂപതി മുരുകവേൽ
ദുബൈ: യു.എ.ഇയിലെ ആദ്യ ഗ്ലൂക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രി. റെറ്റിനയിലെ രക്തം വാര്ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള സങ്കീർണമായ ഗ്ലൂക്കോമ ബാധിതയായ 46 വയസ്സുള്ള ഇന്ത്യക്കാരിയായ സ്ത്രീക്കാണ് ചികിത്സ ലഭ്യമാക്കിയത്. അത്യന്തം അപകടകരമായ മര്‍ദ നിലയില്‍നിന്ന് ആരോഗ്യപൂർണമായ നിലയിലേക്ക് കണ്ണിലെ മർദം കുറച്ച്, കൂടുതല്‍ കാഴ്ചനഷ്ടം തടയാനും ശക്തമായ വേദന ലഘൂകരിക്കാനും ശസ്ത്രക്രിയ സഹായിച്ചതായി അധികൃതർ അറിയിച്ചു.
ഷാര്‍ജയില്‍ താമസിക്കുന്ന സാമ്പത്തിക വിദഗ്ധയായ രോഗി നാല് വര്‍ഷമായി പ്രമേഹരോഗ ബാധിതയും, റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ സാഹചര്യത്തെത്തുടര്ന്നുള്ള ചികിത്സയിലുമായിരുന്നു. ഗ്ലൂക്കോമ, രക്തസ്രാവം, ററ്റിനല് ഡിറ്റാച്ച്മെന്റ് എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതിനാല്‍ അവരെ അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
നേത്ര വിദഗ്ധനായ ഡോ. ഭൂപതി മുരുകവേലിന്റെ നേതൃത്വത്തിലാണ് റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി രോഗിക്ക് ഗ്ലൂക്കോമക്കുള്ള തുള്ളിമരുന്നുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാൽ പരമാവധി തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും, കണ്ണിലെ മര്‍ദം അത്യന്തം ഉയര്‍ന്ന നിലയില്‍ തുടരുകയും, ഇതേത്തുടര്‍ന്ന് കടുത്ത വേദനയും കൂടുതല്‍ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടാവുകയും ചെയ്തു.
രോഗാവസ്ഥയുടെ സങ്കീര്‍ണത മനസ്സിലാക്കിയ ഡോ. ഭൂപതി മുരുകവേല്‍ ഗ്ലൂക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ രോഗിയുടെ കണ്ണിന്റെ മര്‍ദം സാധാരണ നിലയിലേക്ക് വിജയകരമായി കുറച്ചുകൊണ്ടുവന്നു. രോഗിക്ക് ഇത്തരമൊരു നല്ല ഫലം നൽകാന് കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ആവശ്യമായ മറ്റു രോഗികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിഹാരങ്ങള്‍ നല്കാന് ആശുപത്രി സുസജ്ജമാണെന്നും ഡോ. ഭൂപതി മുരുകവേല്‍ വ്യക്തമാക്കി. ഡോ. ഭൂപതിയോടും അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കല്‍ ടീമിനോടും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നതായി രോഗി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

