ദുബൈ ക്വാളിറ്റി ഗ്രൂപ് അവാർഡ് നേടി ആസ്റ്റർ ആശുപത്രികൾ
text_fieldsദുബൈ ക്വാളിറ്റി ഗ്രൂപ് അവാര്‍ഡ് അൽ സഫയിലെ മെഡ്കെയര്‍ ഹോസ്പിറ്റൽ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
ദുബൈ: മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിനും അൽ സഫയിലെ മെഡ്കെയര്‍ ഹോസ്പിറ്റലിനും ദുബൈ ക്വാളിറ്റി ഗ്രൂപ് അവാര്‍ഡ്. ആരോഗ്യപരിശോധനയില്‍ ഗുണനിലവാരവും നവീകരണവും സാധ്യമാക്കിയ മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ദുബൈ ക്വാളിറ്റി ഗ്രൂപ്പിന്റെ മെഡിക്കല്‍ എക്സലന്‍സ് സബ് ഗ്രൂപ് സംഘടിപ്പിച്ച ഫസ്റ്റ് സൈക്കിള്‍ മെഡിക്കല്‍ എക്സലന്‍സ് മിനാ അവാര്‍ഡില്‍ മൻഖൂൽ ആസ്റ്റര്‍ ആശുപത്രി ഗോള്‍ഡ് വിഭാഗത്തില്‍ അംഗീകാരം നേടിയപ്പോള്‍ അൽ സഫയിലെ മെഡ്കെയര്‍ ആശുപത്രി സില്‍വര്‍ വിഭാഗത്തിലുമാണ് അംഗീകാരം നേടിയത്.
യു.എ.ഇ, ജി.സി.സി, മിനാ മേഖലയില്‍ ആരോഗ്യപരിചരണ മേഖലയിലെ ഗുണമേന്മ, നവീകരണം, സുരക്ഷ എന്നിവയുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല് മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പുരസ്കാരം ആരംഭിച്ചത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണ വിതരണത്തില്‍ മികച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളെ പുരസ്കാരത്തിലൂടെ ആദരിക്കുകയാണ് ലക്ഷ്യം. അല്‍ ഹബ്ത്തൂര്‍ പാലസിൽ നടന്ന ചടങ്ങില്‍ ദുബൈ സിവില്‍ ഏവിയേഷന്‍, ദുബൈ എയര്‍പോര്‍ട്ട്സ് എന്നിവയുടെ ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല് മക്തൂമും, ദുബൈ ക്വാളിറ്റി ഗ്രൂപ് ചെയര്മാന് ഡോ. ഹസ്സാ ഖല്ഫാന് അല്‍ നുഐമിയും സംബന്ധിച്ചു.
ദുബൈ ക്വാളിറ്റി ഗ്രൂപ് ജനറല്‍ മാനേജർ സമീറ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 600ലധികം പ്രതിനിധികള്‍, വിവിധ നേതാക്കള്‍, എക്സിക്യൂട്ടിവ് പ്രസിഡന്റുമാര്‍, പ്രാദേശിക -അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.