അടിയന്തര ശസ്ത്രക്രിയ വഴി യുവാവിന്റെ കാഴ്ച വീണ്ടെടുത്ത് ആസ്റ്റർ ഹോസ്പിറ്റൽ
text_fieldsഇമാദ് ആരിഫ് ഖാൻ കൺസൾട്ടന്റ് ന്യൂറോ സർജൻ
ഡോ. പ്രകാശ് നായർക്കൊപ്പം
ദുബൈ: അപൂർവവും സങ്കീർണവുമായ മെഡിക്കൽ സാഹചര്യത്തിൽ, പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാൾക്ക് ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ നടത്തിയ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഷാർജയിൽ താമസിക്കുന്ന 30കാരനായ പാകിസ്താൻ സ്വദേശി ഇമാദ് ആരിഫ് ഖാനാണ് ഹോസ്പിറ്റൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്. അപൂർവമായ ബ്രെയിൻ സിസ്റ്റ് ആണ് രോഗിയുടെ പെട്ടെന്നുള്ള അന്ധതക്ക് കാരണമായത്.
മെഡിക്കൽ സഹായം തേടുന്നതിന് രണ്ടാഴ്ച മുൻപ് യുവാവിന് പനി ബാധിച്ചിരുന്നു. പിനീട് കണ്ണിന്റെ ചലനങ്ങളിൽ വേദന, തുടർച്ചയായ തലവേദന, ക്രമേണ മങ്ങിയ കാഴ്ച എന്നിവ അനുഭവപ്പെടാൻ തുടങ്ങി. തുടക്കത്തിൽ ഒരു ക്ലിനിക്കിൽ നിന്ന് നിർദേശിച്ച തുള്ളിമരുന്ന് ഉപയോഗിച്ചെങ്കിലും കാഴ്ച കുറയുന്നത് തുടർന്നു. വായന, എഴുത്ത്, ഗാർഹിക പ്രവർത്തനങ്ങൾ, ജോലി സ്ഥലത്തെ പ്രവർത്തനങ്ങൾ തുടങ്ങിയ പതിവ് ജോലികൾ ചെയ്യാൻ സാധിക്കാതെയും വന്നു. തുടർന്നാണ് മൻഖൂലിലെ ആസ്റ്റർ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തെ സമീപിച്ചത്.
ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. പാർഥ് ജോഷി ഉടൻ തന്നെ ഒപ്റ്റിക് ഞരമ്പുകളുടെ വീക്കം, അപകടകരമായ ഉയർന്ന ഇൻട്രാക്രാനിയൽ മർദത്തെ സൂചിപ്പിക്കുന്ന പാപ്പിൽഡെമ എന്നിവ തിരിച്ചറിഞ്ഞു. അടിയന്തര എം.ആർ.ഐ സ്കാനിങ്ങും നടത്തിയതോടെ പ്രശ്നം തിരിച്ചറിയുകയായിരുന്നു.
സ്ഥിരമായ അന്ധതയുടെ ഗുരുതരമായ അപകടസാധ്യത തിരിച്ചറിഞ്ഞ് കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. പ്രകാശ് നായരുടെ നേതൃത്വത്തിലുള്ള ന്യൂറോ സർജറി സംഘം രോഗിയിൽ ഉടൻ ശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തു. തലയോട്ടിയുടെ ഇടതുവശത്ത് സിസ്റ്റ് തുറക്കുന്നതിനും തലച്ചോറിനുള്ളിലെ സമ്മർദ്ദം കുറക്കുന്നതിനുമുള്ള ശസ്ത്രക്രിയ ഡോ. നായർ നടത്തി. സിസ്റ്റ് ശ്രദ്ധാപൂർവം വറ്റിച്ചു. ഒരു ബയോപ്സിയിലൂടെ അതിൽ അപകടസാധ്യതയില്ലെന്ന് സ്ഥിരീകരിച്ചു.
ഡിസ്ചാർജ് ചെയ്തതോടെ യുവാവിന്റെ കാഴ്ച മെച്ചപ്പെടുകയും തലവേദന പരിഹരിക്കപ്പെടുകയും എല്ലാ ദൈനംദിന പ്രവർത്തനങ്ങളും സ്വതന്ത്രമായി നടത്താൻ കഴിയുകയും ചെയ്തു.
വിപുലമായ രോഗനിർണയം, വിദഗ്ധ നേത്രരോഗ വിലയിരുത്തൽ, ന്യൂറോ സർജിക്കൽ പരിചരണം എന്നിവയിലൂടെയാണ് സ്ഥിരമായ അന്ധതയിലേക്ക് നയിക്കാവുന്ന അവസ്ഥ മറികടന്ന് പൂർണമായ കാഴ്ച പുനഃസ്ഥാപിക്കാൻ ആസ്റ്റർ ഹോസ്പിറ്റലിന് സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

