500ലധികം കാർഡിയോത്തോറാസിക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ആസ്റ്റർ ആശുപത്രി
text_fieldsസന്ദീപ് ശ്രീവാസ്തവ, ശിപ്ര ശ്രീവാസ്തവ
ദുബൈ: ദുബൈ അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ 2024 നവംബർ മുതൽ 2026 ജൂലൈ വരെയുള്ള 20 മാസത്തിനുള്ളിൽ 501 കാർഡിയോത്തോറാസിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. മുൻകൂട്ടി നിശ്ചയിച്ച ഇലക്ടീവ് ശസ്ത്രക്രിയകളിൽ പൂജ്യം മരണനിരക്കും സീറോ സ്ട്രോക്കും കൈവരിച്ചാണ് ആശുപത്രി ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. സങ്കീർണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ നിരവധി അടിയന്തിര കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്ത ഈ നേട്ടം യു.എ.ഇയിലെ കാർഡിയോത്തോറാസിക് ചികിത്സാരംഗത്ത് ആശുപത്രിയുടെ വളർച്ചയെയും വൈദഗ്ധ്യത്തെയും സൂചിപ്പിക്കുന്നു.
ആകെ പൂർത്തിയാക്കിയ 501 നടപടിക്രമങ്ങളിൽ 352 ഹൃദയ ശസ്ത്രക്രിയകൾ, 90 തോറാസിക് നടപടിക്രമങ്ങൾ, 14 അയോർട്ടിക് ശസ്ത്രക്രിയകൾ, ഏഴ് എൻഡോവാസ്കുലർ അയോർട്ടിക് അന്യൂറിസം റിപ്പയറുകൾ (ഇ.വി.എ.ആർ), മറ്റ് 38 പ്രൊസീജ്യറുകൾ എന്നിവ ഉൾപ്പെടുന്നു. 100 ശതമാനം ബീറ്റിങ്-ഹാർട്ട് ബൈപാസ് ശസ്ത്രക്രിയകളാണ് (സി.എ.ബി.ജി) ഇവിടെ നടത്തിയത്.
യു.എ.ഇയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സങ്കീർണമായ ഹൃദയാഘാതങ്ങൾ, വാൽവ് തകരാറുകൾ, ജീവന് ഭീഷണിയാകുന്ന അയോർട്ടിക് ഡിസെക്ഷൻ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ അത്യാധുനിക പരിചരണം നൽകാൻ ആശുപത്രിയിലെ മെഡിക്കൽ ടീമിന് സാധിച്ചു.
ഈ വിജയം ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ മാത്രം നേട്ടമല്ലെന്നും, ഓപ്പറേഷൻ തിയേറ്ററിലെ അനസ്തെറ്റിസ്റ്റുകൾ, ഐസിയു ജീവനക്കാർ, നഴ്സിങ് സംഘം എന്നിവരടങ്ങുന്ന മൾട്ടിഡിസിപ്ലിനറി ടീം വർക്കിന്‍റെ ഫലമാണെന്നും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. കൺസൾട്ടന്‍റ് കാർഡിയോത്തോറാസിക് സർജന്മാരായ ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ശിപ്രാ ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്‍റെ കൃത്യമായ ചികിത്സാ രീതികളും സാങ്കേതിക പ്രാവീണ്യവുമാണ് രോഗികൾക്ക് രക്തപ്പകർച്ച പോലുമില്ലാതെ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായകരമായത്.
ഭാവിയിൽ ചികിത്സാരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോബോട്ടിക് അസിസ്റ്റഡ് കാർഡിയോത്തോറാസിക് സർജറി, ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, എൽ.വി.എ.ഡി പ്രോഗ്രാം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നയിക്കുന്ന റിസ്ക് പ്രവചന സംവിധാനം എന്നിവ ആരംഭിക്കാൻ ആശുപത്രി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

