ദുബൈ മുഹൈസിനയിൽ ആസ്റ്റർ ക്രിറ്റിക്കൽ കെയർ ഹോസ്പിറ്റൽ തുറന്നു
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത് കെയർ ദുബൈ മുഹൈസിനയിൽ സജ്ജമാക്കിയ 50 കിടക്കകളുള്ള ആസ്റ്റർ ക്രിറ്റിക്കൽ കെയർ ഹോസ്പിറ്റൽ കോവിഡ് 19 കമാൻറ് ആൻറ് കൺട്രോൾ സെൻറർ ചെയർമാനും, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻറ് ഹെൽത്ത് സയൻസസ് (എം.ബി.ആർ.യു) വൈസ് ചാൻസലറുമായ ഡോ. ആമിർ അഹ്മദ് ഷരീഫ്, ലത്തീഫ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. മുന തഹ്ലക്ക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ആസ്റ്റർ ഡി.എം ഹെൽത് കെയർ ഡെപ്യൂട്ടി എം.ഡി അലീഷാ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത് കെയർ ഡയറക്ടറും, റീജൻസി ഗ്രൂപ്പ് ചെയർമാനുമായ എ.പി. ഷംസുദ്ധീൻ ബിൻ മുഹ്യുദ്ദീൻ, ആസ്റ്റർ ഹോസ്പിറ്റൽസ് യു.എ.ഇ സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യു.എ.ഇയിലെ മറ്റ് ആസ്റ്റർ, മെഡ്കെയർ ഹോസ്പിറ്റലുകൾക്ക് പുറമേ പുതിയ ഹോസ്പിറ്റലും കോവിഡ് 19 രോഗികൾക്ക് പരിചരണം നല്കും. ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ, അൽ സഫ മെഡ്കെയർ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവ ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് കോവിഡ് 19 ചികിത്സയ്ക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുകയാണ്. പുതിയ ഹോസ്പിറ്റലിെൻറ വരവോടെ നാല് ആസ്റ്റർ ഹോസ്പിറ്റലുകളും, നാല് മെഡ്കെയർ ഹോസ്പിറ്റലുകളുമായി ആസ്റ്റർ ഡി.എം ഹെൽത് കെയർ യു.എ.ഇയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

യു.എ.ഇയിലെ നാല് ആസ്റ്റർ ഹോസ്പിറ്റലുകളിലായി 310 കിടക്കകളുടെ പരിചരണ ശേഷിയുണ്ട്. ദുബൈയിലെ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പങ്കാളിത്തം കൊണ്ടാണ്, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവർക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കി മികവോടെ പ്രവർത്തിക്കാൻ സാധിച്ചതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി പ്രതികരിച്ചു. കോവിഡ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനും ഗുരുതരമായ കേസുകൾ ചികിത്സിക്കുന്നതിനായി നടത്തിയ പ്രയത്നങ്ങൾക്കും നിരന്തരമായ പ്രതിജ്ഞാബദ്ധതക്കും ആസ്റ്ററിനോട് നന്ദി പറയുന്നു. പുതിയ ആശുപത്രി പ്രദേശത്തെ ആളുകൾക്ക് എളുപ്പത്തില് മികച്ച ആരോഗ്യ പരിചരണം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് 19നെതിരായ ദൗത്യത്തിെൻറ ഭാഗമായ മെഡിക്കൽ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യയിലെ വിവിധ ആസ്റ്റർ സ്ഥാപനങ്ങളിൽനിന്ന് നിരവധി ആരോഗ്യപ്രവർത്തകരെ യു.എ.ഇയിൽ എത്തിച്ചിരുന്നു.
മുഹൈസിനയിലെ പുതിയ ഹോസ്പിറ്റലിൽ തങ്ങളുടെ പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ മികച്ച സാന്നിധ്യമാണുളളതെന്ന് ആസ്റ്റർ ഡി.എം ഹെൽത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. നിലവിലെ സവിശേഷ സാഹചര്യത്തിൽ കോവിഡ് 19 രോഗികൾക്ക് ആവശ്യമായ വെൻറിലേറ്റർ അടക്കമുള്ള തീവ്ര പരിചരണ സംവിധാനങ്ങൾ ലഭ്യമാക്കാൻ പ്രാധാന്യം നൽകിയായിരിക്കും ഹോസ്പിറ്റൽ പ്രവർത്തിക്കുക. വൈറസ് ബാധ തടയുന്നതിെൻറ ഭാഗമായി മുഹൈസിന നിവാസികൾക്ക് കോവിഡ് സ്ക്രീനിങ്ങും ടെസ്റ്റിങ്ങും അടക്കമുള്ള പരിശോധനകൾ നടത്താനും ഹോസ്പിറ്റൽ സൗകര്യമൊരുക്കും. കോവിഡിനെതിരായ യു.എ.ഇയുടെ പോരാട്ടത്തിന് മികച്ച സഹകരണം തുടരുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.