Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ തെരഞ്ഞെടുപ്പ്; ആര്​ ഭരിക്കും: ആകാംക്ഷയിൽ പ്രവാസലോകവും

text_fields
bookmark_border
  • പന്തയങ്ങളും പ്രവചനങ്ങളും സജീവം
  • ഫലമറിയാൻ വിപുലമായ ഒരുക്കം
നിയമസഭ തെരഞ്ഞെടുപ്പ്; ആര്​ ഭരിക്കും: ആകാംക്ഷയിൽ  പ്രവാസലോകവും
cancel

ദുബൈ: ഒരു മാസത്തെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രവാസി മലയാളികൾ. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും നാൾ പിന്നിടുമ്പോഴും ഗൾഫിലെ ബാച്ച്ലർ മുറികളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലുമെല്ലാം സീറ്റ് നിലകള്‍ സംബന്ധിച്ച് കൂട്ടിയും കിഴിച്ചുമുള്ള പ്രവചനങ്ങളായിരുന്നു. നാട്ടിലേത് പോലെ തന്നെ പ്രവാസലോകവും പൂർണമായും രാഷ്ട്രീയച്ചൂടിലാണ്.

ഭരണത്തുടർച്ചയുണ്ടാകുമെന്ന ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസവും, ഭരണവിരുദ്ധ വികാരം വോട്ടായി മാറിയിട്ടുണ്ടാകുമെന്ന യു.ഡി.എഫിന്‍റെ പ്രതീക്ഷയും തമ്മിലുള്ള പോരാട്ടത്തിന്‍റെ അന്തിമഫലം തിങ്കളാഴ്ച അറിയാം. ഇത്തവണ നാട്ടിൽ പോയി വോട്ട് ചെയ്യണമെന്ന് മാസങ്ങൾക്കു മുമ്പേ തീരുമാനിച്ചുറപ്പിച്ച നിരവധി പേർക്ക് അപ്രതീക്ഷിതമായി ഉടലെടുത്ത ഗൾഫ് സാഹചര്യങ്ങൾ കടുത്ത നിരാശയാണ് ഉണ്ടാക്കിയതെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവരുടെ ആവേശത്തിന് ഒട്ടും കുറവില്ല. പല മണ്ഡലങ്ങളിലും പോളിങ് 80 ശതമാനം കടന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

യു.ഡി.എഫ് അനുകൂല തരംഗമാണ് ഉയർന്ന പോളിങ് സൂചിപ്പിക്കുന്നതെന്ന് ഇൻകാസ്, കെ.എം.സി.സി പ്രവർത്തകർ അവകാശപ്പെടുമ്പോൾ, വികസനത്തുടർച്ചയ്ക്കുള്ള ജനവിധിയായി ഇതിനെ ഇടതുപക്ഷ അനുഭാവികൾ കാണുന്നു. അതേസമയം, നിർണായക മുന്നേറ്റമുണ്ടാക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് എൻ.ഡി.എ അനുകൂലികൾ.

വോട്ടെണ്ണൽ ദിവസം പ്രവാസി സംഘടനകളുടെ ഓഫീസുകളിലും ആളുകൾ ഒത്തു കൂടുന്നിടത്തും വലിയ സ്‌ക്രീനുകളിൽ തത്സമയ ഫലം കാണാനുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ദുബൈ കെ.എം.സി.സി ഓഫീസിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ സിദ്ധീഖ് കാലൊടി പറഞ്ഞു. ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ സെ​ൻട്രൽ മാളിലും ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്‍റ്​ കെ.എം.അബ്ദുൽ മനാഫ് അറിയിച്ചു. റസ്റ്റോറന്‍റുകളിലും കഫറ്റീരിയകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ടി.വികള്‍ സജ്ജമായി.

മാസങ്ങളായി പ്രവര്‍ത്തന രഹിതമായി കിടന്നിരുന്ന ടെലിവിഷന്‍ സെറ്റ് തെരെഞ്ഞെടുപ്പ് ഫലം പ്രമാണിച്ച് സ്പെഷ്യലായി ശരിയാക്കിയെടുത്ത് സജ്ജമാക്കി വെച്ച നിരവധി ബാച്ച്ലര്‍ റൂമുകള്‍ ഉണ്ട്. വാതു വെപ്പുകളും ഭക്ഷണ പന്തയങ്ങളും ബാച്ച്ലറുകള്‍ക്കിടയില്‍ ആഴ്ചകള്‍ക്ക് മുമ്പേ സജീവമാണ്​. എക്സിറ്റ് ഫലങ്ങള്‍ കൂടി വന്നതോടെ അവസാന മണിക്കൂറുകളിലും പന്തയങ്ങളുടെ വിലപേശലുകളാണ്. മുന്‍കാലങ്ങളില്‍ മൊട്ടയടിയായിരുന്നു പ്രധാന പന്തയ ഇനമെങ്കില്‍ ഇന്നത്‌ മൊബൈല്‍ ഫോണും ടാബ്​ലറ്റും തുടങ്ങി നാട്ടിലേക്ക് പോകുമ്പോഴുള്ള വിമാന ടിക്കറ്റ് വരെ എത്തിയിരിക്കുന്നു.

ഒരു മാസത്തേക്ക് റൂമിലെ ചെലവ് വഹിക്കുന്നത് മുതല്‍ ക്ലീനിങ്​ ജോലികള്‍ വരെയും പന്തയങ്ങളായുണ്ട്. തിങ്കളാഴ്ച് പ്രവൃത്തി ദിനമായത് കൊണ്ട് മുഴുനീളെ ടി.വിക്കു മുന്നിലിരിക്കാൻ ലീവെടുക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. ഫലമറിയാന്‍ ആളുകള്‍ ഒരുപാട് വരുമെന്നതിനാൽ കറാമയിലെ തന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ തയാറാക്കുന്ന ജോലിയിലായിരുന്നു ഇന്നലെ രാത്രി കോട്ടക്കല്‍ സ്വദേശി മുഹമ്മദ്‌ കുഞ്ഞി. സാധാരണ ഇത്തരം ദിവസങ്ങളില്‍ തന്റെ ബാര്‍ബര്‍ ഷോപ്പ് സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. അത് കൊണ്ട് തന്നെ പുതിയ ടീവിയും വാങ്ങി വെച്ചു.

പ്രവാസി വോട്ടർമാരുടെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന് എല്ലാ മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും, ഉൾഭയം എല്ലാവരിലുമുണ്ട്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പ്രവാസി വോട്ടുകൾ ജയപരാജയങ്ങൾ നിശ്ചയിക്കാൻ ശേഷിയുള്ളവയാണ്. കഴിഞ്ഞ തവണ 500-ൽ താഴെ വോട്ടുകൾക്ക് മാത്രം ജയപരാജയങ്ങൾ തീരുമാനിക്കപ്പെട്ട മണ്ഡലങ്ങളിൽ, പ്രവാസികളുടെ അസാന്നിധ്യം വലിയ തിരിച്ചടിയാകുമെന്ന് മുന്നണികൾ ഭയപ്പെടുന്നു. പ്രത്യേകിച്ചും മലബാർ മേഖലയിലെ യു.ഡി.എഫ്, എൽ.ഡി.എഫ് കോട്ടകളിൽ ഇത് എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly elections; Who will rule: Exiles also anxious
Next Story