പ്രവാസികൾക്ക് ഡിജിറ്റൽ സ്വർണ നിക്ഷേപ അവസരം; അസ്‌പോറയും ഓ ഗോൾഡും കൈകോര്‍ക്കുന്നു
text_fieldsഅസ്‌പോറ, ഓ ഗോൾഡ് പ്രതിനിധികൾ ദുബൈ ഫിന്‍ടെക് സമ്മിറ്റിൽ പ്രഖ്യാപനം നടത്തുന്നു
ദുബൈ: യു.എ.ഇ.യിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സ്വർണ നിക്ഷേപരംഗത്ത് പുത്തന്‍ സാധ്യതകളൊരുക്കി ധനവിനിമയ സ്ഥാപനമായ അസ്‌പോറയും ഡിജിറ്റല്‍ പ്രഷ്യസ് മെറ്റല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ ഓ ഗോള്‍ഡും. ഈയിടെ നടന്ന ദുബൈ ഫിന്‍ടെക് സമ്മിറ്റിലെ പ്രഖ്യാപനപ്രകാരം രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്ക് ഓ ഗോള്‍ഡില്‍ സ്വർണം നിക്ഷേപിച്ച് ലാഭം നേടാന്‍ അവസരമൊരുങ്ങി. പരമ്പരാഗത സ്വര്‍ണ നിക്ഷേപ രീതികളില്‍ നിന്ന് മാറി, സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കാനാണ് ഇരു കമ്പനികളും അവസരമൊരുക്കുന്നത്.
അഞ്ച് ദിര്‍ഹം മുതല്‍ മൂല്യമുള്ള സ്വർണം ഇതുവഴി വാങ്ങുകയോ വില്‍ക്കുകയോ നിക്ഷേപമായി സൂക്ഷിക്കുകയോ ചെയ്യാം. നിബന്ധനകള്‍ക്ക് വിധേയമായി വര്‍ഷം മൂന്ന് ശതമാനം അധിക വരുമാനത്തിനുള്ള അവസരവുമുണ്ട്. സ്വർണ വില മാറുന്നതിന് അനുസരിച്ച് അധിക വരുമാന ലഭ്യതയില്‍ മാറ്റങ്ങള്‍ വരാം. നിക്ഷേപിക്കുന്ന സ്വർണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടാകും.
ഗൂഗിൾ എക്സ്ചേഞ്ച് നിരക്കിൽ അന്താരാഷ്ട്ര ധനവിനിമയം അവതരിപ്പിച്ചും ഡിജിറ്റൽ എൻ.ആർ.ഐ ബാങ്കിങ് ലളിതമാക്കിയും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യക്കാർക്കിടയിൽ വിശ്വാസ്യത നേടിയ സ്ഥാപനമാണ് അസ്‌പോറ. ശരീഅ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഓ ഗോൾഡ് സ്മാർട്ട് ആപ്പിലൂടെ സ്വർണ നിക്ഷേപത്തെ ദൈനംദിന ഇടപാടുകൾക്കും ഉപയോഗപ്പെടുത്താം. അടുത്തിടെ 20 ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട ഓ ഗോൾഡ്, ഓട്ടോമേറ്റഡ് സ്വർണ നിക്ഷേപം, സ്വർണ-വെള്ളി വരുമാനം, പ്ലാറ്റിനം മാസ്റ്റർ കാർഡ് തുടങ്ങിയ സൗകര്യങ്ങളും നൽകുന്നുണ്ട്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സ്വർണം എന്നും സമ്പത്ത് സംരക്ഷിക്കാനുള്ള മാർഗമാണെങ്കിലും ഇതുവരെ ആധുനികവും ലാഭകരവുമായ ഒരു നിക്ഷേപ മാർഗം ഉണ്ടായിരുന്നില്ലെന്ന് അസ്‌പോറ സ്ഥാപകനും സി.ഇ.ഒ.യുമായ പാർഥ് വ്യക്തമാക്കി. സുതാര്യതയും ലാഭകരമായ സാമ്പത്തിക ഉൽപന്നങ്ങളും നൽകുന്ന തങ്ങളുടെ നയത്തിന്‍റെ തുടർച്ചയാണിത്. വെറും അഞ്ച് ദിർഹമിന് സ്വർണ നിക്ഷേപം സാധ്യമാക്കുന്നതിലൂടെ ഇന്ത്യൻ പ്രവാസികളുടെ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണം എളുപ്പത്തിൽ സ്വന്തമാക്കാനും ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനും അവസരമൊരുക്കുകയാണ് ഓ ഗോൾഡിന്‍റെ ദൗത്യമെന്ന് സ്ഥാപകൻ ബന്ദർ അൽ ഒത്ത്മാൻ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിൽ സ്വർണത്തിനുള്ള സവിശേഷ സ്ഥാനം കണക്കിലെടുത്ത്, ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അവരുടെ സാമ്പത്തിക പദ്ധതിയുടെ ഭാഗമായി സ്വർണത്തെ മാറ്റാൻ ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ അസ്‌പോറ ആപ്പ് വഴി ഉപഭോക്താക്കൾക്ക് നിലവിൽ സ്വർണ നിക്ഷേപം ആരംഭിക്കാം.

