പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ഏഷ്യൻ വംശജന് ജീവപര്യന്തം
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ എഷ്യൻ വംശജനായ 26കാരന് ജീവപര്യന്തം തടവ്. കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ ഒളിപ്പിക്കുകയും പിന്നീട് സ്യൂട്കേസിലാക്കി ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയുമായിരുന്നു. കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കീഴ് കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി കഴിഞ്ഞ ദിവസം ശരിവെക്കുകയായിരുന്നു.
2022 ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ പ്രതിയുടെ താമസസ്ഥലത്ത് വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊല നടന്നത്. തർക്കം മുറുകിയതോടെ പ്രതി പെൺസുഹൃത്തിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു. പിന്നീട് തന്റെ കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചു. മൊബൈൽ അടക്കമുള്ള കാമുകിയുടെ വസ്തുക്കൾ സീവേജ് പൈപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ജബൽ അലിയിൽ ഹോട്ടലിൽ റൂമെടുത്ത പ്രതി അപ്പാർട്ട്മെന്റിൽ കൂടെ താമസിക്കുന്നവരെ വിവരമറിയിക്കുകയായിരുന്നു. ഇവർ മൃതദേഹം മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ സ്യൂട്കേസിലാക്കി ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. 2022 ജനുവരി 29നാണ് സുരക്ഷ ഉദ്യോഗസ്ഥൻ മൃതദേഹം കണ്ടെത്തുന്നത്. സ്യൂട്കേസിൽ നിന്ന് മനുഷ്യന്റെ കാൽ പുറത്തേക്ക് തള്ളിനിൽക്കുന്നതായി കണ്ടെത്തിയ വിവരമാണ് പൊലീസിന് ലഭിച്ചത്. പിന്നീട് അതിവേഗം അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഡാൻസ് ക്ലബിൽ നിന്ന് പരിചയപ്പെട്ടതായിരുന്നു പെൺസുഹൃത്തിനെയെന്ന് പ്രതി മൊഴി നൽകി.
പിന്നീട് സ്ഥിരമായി ഇവർ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നെന്നും ഇയാൾ പറഞ്ഞു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ മൊഴി മാറ്റിയിരുന്നു.
എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ കൂടെ താമസിച്ചിരുന്നവർക്ക് കുറ്റകൃത്യം സംബന്ധിച്ച് അറിയിക്കുന്നതിൽ പരാജയപ്പെട്ടതിന് മൂന്നുമാസം തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തലിനും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

