ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം അൽ ഐൻ എഫ്.സിക്ക്
text_fieldsഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവുമായി അൽ ഐൻ എഫ്.സി ടീം
അൽ ഐൻ: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തകർപ്പൻ വിജയവുമായി കിരീടം ചൂടി അൽഐൻ ഫുട്ബാൾ ക്ലബ്. അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ജപ്പാന്റെ യോകോഹാമ എഫ് മറിനോസിനെയാണ് അൽഐൻ ടീം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആതിഥേയരുടെ മിന്നും ജയം. സ്വന്തം ടീമിനെ ആവേശഭരിതരാക്കാൻ കളി തുടങ്ങുന്നതിന് മുമ്പുതന്നെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഓരോ നീക്കങ്ങളും അവർ ഹർഷാരവം മുഴക്കിയാണ് ആഘോഷമാക്കിയത്. അവസാനം ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്റ്റേഡിയത്തിൽനിന്ന് ആവേശം നഗരത്തിലേക്ക് പടർന്നു. രാത്രി വൈകിയും നഗരം വിജയാഘോഷങ്ങളിൽ മുഴുകി. 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം അൽഐനിലേക്ക് വീണ്ടുമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ലായിരുന്നു അവസാന കിരീട നേട്ടം.
സൗദിയിലെ രണ്ട് വമ്പന്മാരെ മുട്ടുകുത്തിച്ചാണ് അൽ ഐൻ ക്ലബ് ഫൈനൽ ബെർത്തിന് യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ അട്ടിമറിച്ച ആത്മവിശ്വാസത്തോടെയായിരുന്നു ഫൈനൽ പോരാട്ടം.
കളം നിറഞ്ഞുകളിച്ച അൽ ഐൻ താരങ്ങൾ ഒരു ഘട്ടത്തിൽപ്പോലും ജാപ്പനീസ് ടീമിന് മുന്നേറാൻ അവസരം നൽകിയിരുന്നില്ല. അൽഐനിന്റെ വിജയത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

