ഏഷ്യൻ ബാഡ്മിന്റൺ യു.എ.ഇക്കെതിരെയും ഇന്ത്യൻ മേധാവിത്വം
text_fieldsവനിത ഡബിൾസിൽ യു.എ.ഇയെ നേരിടുന്ന ഇന്ത്യയുടെ അശ്വിനി-ശിഖ സഖ്യം
ദുബൈ: കസാകിസ്താന്‍ പിന്നാലെ യു.എ.ഇക്കെതിരെയും മേധാവിത്വം പുലർത്തി ഇന്ത്യൻ ബാഡ്മിന്റൺ ടീം. ദുബൈ എക്സ്പോ സിറ്റിയിൽ ബുധനാഴ്ച നടന്ന പ്രാഥമിക റൗണ്ടിലെ അഞ്ച് മത്സരത്തിലും യു.എ.ഇ താരങ്ങളെ ഇന്ത്യ വീഴ്ത്തി.
യു.എ.ഇ ടീമിനായി കളത്തിലിറങ്ങിയതിൽ ഭൂരിപക്ഷവും മലയാളി താരങ്ങളായിരുന്നു. ഇന്ത്യപോലെ ശക്തമായ ടീമിനെതിരെ കന്നിയങ്കത്തിനിറങ്ങിയ അവർ മികച്ച പ്രകടനം നടത്തിയാണ് കീഴടങ്ങിയത്.
പുരുഷ സിംഗിൾസിൽ യു.എ.ഇയുടെ ദേവ് വിഷ്ണുവിനെ വീഴ്ത്തി ലക്ഷ്യ സെന്നാണ് വിജയവേട്ട തുടങ്ങിയത് (21-16, 21-12). വനിത മത്സരത്തിൽ ഇന്ത്യയുടെ ആകർഷി കഷ്യപ് എതിരില്ലാത്ത രണ്ട് സെറ്റിന് മധുമിതയെ തോൽപിച്ചു (21-6, 21-7). പുരുഷ ഡബ്ൾസിൽ ദ്രുവ്-ചിരാഗ് സഖ്യം ദേവ്-ധീരൻ ടീമിനെ 21-15, 21-14 സ്കോറിന് മറികടന്നു. വനിത ഡബിൾസിൽ അശ്വിനി-ശിഖ സഖ്യത്തിനാണ് വിജയം. 21-7, 21-4 സ്കോറിന് സനിക-അകൻഷാ ജോഡികളെയാണ് തോൽപിച്ചത്. അവസാന മത്സരത്തിൽ മിക്സഡ് ഡബിൾസിൽ ഇഷാൻ-തനിഷ സഖ്യവും ജയിച്ചുകയറിയതോടെ ഇന്ത്യ രണ്ടാം റൗണ്ട് ഉറപ്പിച്ചു. ഭരത്-നയോണിക ടീമിനെയാണ് (21-13, 21-18) ഇന്ത്യൻ ജോഡികൾ തോൽപിച്ചത്. പി.വി. സിന്ധുവിന് വിശ്രമം നൽകിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ന് മലേഷ്യക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ് റൗണ്ടിലെ അവസാന മത്സരം.