ദുബൈ വിമാനത്താവളം ഏഷ്യൻ-ആഫ്രിക്കൻ പ്രതിനിധി സംഘം സന്ദർശിച്ചു
text_fieldsആഫ്രിക്ക, ഏഷ്യൻ പ്രതിനിധി സംഘത്തിന് എയർപോർട്ടിലെ പ്രവർത്തനം വിശദീകരിച്ച് നൽകുന്ന ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥൻ
ദുബൈ: പ്രാദേശിക വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ലീഡേഴ്സ് പ്രതിനിധി സംഘം ദുബൈ വിമാനത്താവളം സന്ദർശിച്ചു. ജി.ഡി.ആർ.എഫ്.എ ദുബൈ, ദുബൈ എയർപോർട്സുമായി സഹകരിച്ചാണ് വിജ്ഞാന കൈമാറ്റ സന്ദർശനം ഒരുക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘റെഡ് കാർപെറ്റ്’ സംവിധാനത്തെക്കുറിച്ച് അധികൃതർ പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.
യാത്രക്കാർക്കുള്ള മികച്ച സേവനങ്ങളെക്കുറിച്ചും ആഡംബരം, കാര്യക്ഷമത, സേവന മികവ് എന്നിവയോടുള്ള ദുബൈയുടെ പ്രതിബദ്ധതയെക്കുറിച്ചും ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിശദീകരണം നൽകി. കഴിഞ്ഞമാസം ദുബൈ എയർപോർട്ടിലെ സ്മാർട്ട് എമിഗ്രേഷൻ പ്രവർത്തനരീതികളും ‘സ്മാർട്ട് റെഡ് കാർപെറ്റി’നെ കുറിച്ചും മനസ്സിലാക്കാൻ ചൈനയുടെ നാഷനൽ എമിഗ്രേഷന്റെ ഉന്നത മേധാവിയടക്കം ദുബൈ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു.
ദുബൈ വിമാനത്താവളത്തെ ഗുണമേന്മയുടെ കാര്യത്തിൽ ആഗോള മാതൃകയാക്കി മാറ്റിയ ഘടകങ്ങളെക്കുറിച്ച് സന്ദർശനവേളയിൽ ചർച്ചയായി. യാത്രാ നടപടികൾ ലളിതമാക്കുന്നതിനും യാത്രക്കാർക്ക് തടസ്സരഹിതവും വേഗത്തിലുള്ളതുമായ അനുഭവം നൽകുന്നതിനും ദുബൈ സ്വീകരിച്ചിട്ടുള്ള നൂതനമായ പ്രവർത്തനരീതികളും സാങ്കേതികവിദ്യകളും പ്രതിനിധി സംഘം വിലയിരുത്തി. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ദുബൈ കൈവരിച്ച മുന്നേറ്റങ്ങൾ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും മാതൃകയാണെന്ന് പ്രതിനിധി സംഘം പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

