ഏഷ്യ കപ്പ് നാളെ മുതൽ; ഇന്ത്യ-പാക് മത്സരം 14ന്
text_fieldsഇന്ത്യൻ ടീം പരിശീലനത്തിൽ
ദുബൈ: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിന് സെപ്റ്റംബർ ഒമ്പതിന് യു.എ.ഇയിൽ തുടക്കമാകും. ദുബൈയിലും അബൂദബിയിലുമായി നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, യു.എ.ഇ, ഹോങ്കോങ്, ഒമാൻ എന്നീ എട്ട് ടീമുകളാണ് എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുക. ചൊവ്വാഴ്ച ദുബൈയിൽ നടക്കുന്ന ഉൽഘാടന മത്സരത്തിൽ അഫ്ഗാനിസ്താൻ ഹോങ്കോങ്ങിനെ നേരിടും. സെപ്റ്റംബർ 10ന് ആതിഥേയരായ യു.എ.ഇയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം, ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് മത്സരം സെപ്റ്റംബർ 14ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
ഇരു ടീമുകളും എ ഗ്രൂപ്പിലായതിനാൽ ഫൈനൽ മത്സരത്തിന് അവസരമുണ്ടാവില്ല. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്കൊപ്പം പാകിസ്താൻ, ഒമാൻ, യു.എ.ഇ ടീമുകളാണ് ഗ്രൂപ് എയിലുള്ളത്. യു.എ.ഇയിലെത്തിയ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയതിനാൽ പ്രവാസികളായ കാണികളിൽ ആവേശം വാനോളം ഉയർന്നു. എങ്കിലും പ്ലേ ഇലവനിൽ സഞ്ജു ഇടം പിടിക്കുമോ എന്നതും ചോദ്യചിഹ്നമാണ്.പ്ലേ ഇലവനിൽ ഇടം നേടിയാൽ സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യുമോ എന്ന ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ആദ്യഘട്ട മത്സരം പൂർത്തിയായാൽ ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ടുവീതം ടീമുകൾ സൂപ്പർ ഫോറിലേക്ക് കടക്കും.
ഗ്രൂപ് ചാമ്പ്യന്മാരായാൽ ഇന്ത്യയുടെ സൂപ്പർ ഫോർ മത്സരങ്ങളെല്ലാം ദുബൈയിലായിരിക്കും. അതല്ല, ഗ്രൂപ്പിൽ രണ്ടാമതാണെങ്കിൽ സൂപ്പർ ഫോർ മത്സരങ്ങളിൽ ഒന്ന് അബൂദബിയിലും ബാക്കിയുള്ളത് ദുബൈയിലുമാകും. സെപ്റ്റംബർ 20 മുതൽ 26 വരെയാണ് സൂപ്പർ ഫോർ മത്സരങ്ങൾ. സെപ്റ്റംബർ 28ന് ദുബൈയിലാണ് ഫൈനൽ മത്സരം. രണ്ട് ഫോർമാറ്റിലുമായി എട്ടു തവണ കപ്പുയർത്തിയ ഇന്ത്യക്കു തന്നെയാണ് ഇത്തവണയും കൂടുതൽ സാധ്യത കൽപിക്കുന്നത്.അതേസമയം, യു.എ.ഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം 19 മത്സരങ്ങളിൽ 18 മത്സരങ്ങളുടെയും സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.യു.എ.ഇ സമയം വൈകീട്ട് 6.30 (ഇന്ത്യൻ സമയം രാത്രി 8 മണി) നായിരിക്കും മത്സരങ്ങൾ. നേരത്തേ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട ഷെഡ്യൂൾ അനുസരിച്ച് യു.എ.ഇ സമയം വൈകീട്ട് ആറു മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. ഇന്ത്യൻ ടീമിന്റെ എല്ലാ മത്സരങ്ങളും രാത്രി എട്ടിനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

