ഏഷ്യകപ്പ് ക്രിക്കറ്റ്; സ്റ്റേഡിയത്തിലെ നിയമലംഘനങ്ങൾ കർശനമായി നേരിടും
text_fieldsഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ട താരങ്ങൾ
ദുബൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യകപ്പ് ക്രിക്കറ്റിലെ ഞായറാഴ്ചത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സുരക്ഷ മുന്നൊരുക്കം പൂർത്തിയാക്കിയതായി ദുബൈ ഈവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. മത്സരങ്ങൾ ഏറ്റവും സുരക്ഷിതമായി നടത്താൻ പൊലീസ് പൂർണമായും സജ്ജമാണെന്ന് അറിയിച്ച അധികൃതർ, സ്റ്റേഡിയത്തിലെ സുരക്ഷാ ലംഘനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ നിരോധനമുള്ള വസ്തുക്കളുടെ പട്ടികയും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുമെന്നും അംഗീകൃത ടിക്കറ്റുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. മത്സരം ആരംഭിക്കുന്നത് വൈകീട്ട് 6.30നാണ്. ഇതനുസരിച്ച് 3.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കും. സ്റ്റേഡിയത്തിൽ നിയമപരമല്ലാതെ പ്രവേശിക്കുന്നവർക്കും പടക്കം അടക്കമുള്ള നിരോധിത ഉൽപന്നങ്ങൾ കൊണ്ടുവരുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് ഫോർ ഓപറേഷൻസ് മേജർ ജനറൽ സൈഫ് മഹ്ർ അൽ മസ്റൂയി പറഞ്ഞു.
ഇത്തരക്കാർക്ക് ഫെഡറൽ നിയമമനുസരിച്ച് മൂന്നുമാസം വരെ തടവും 5000 ദിർഹമിൽ കുറയാതെ 30,000 ദിർഹം വരെ പിഴയും ചുമത്തും. അതോടൊപ്പം അക്രമം പ്രവർത്തിക്കുക, കാഴ്ചക്കാർക്ക് നേരെയോ മൈതാനത്തേക്കോ വസ്തുക്കൾ എറിയുകയോ ചെയ്യുക, അധിക്ഷേപകരമോ വംശീയമോ ആയ പ്രയോഗങ്ങൾ നടത്തുക എന്നിവക്കും തടവും 10,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ചുമത്തും.
റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, മൃഗങ്ങൾ, നിയമവിരുദ്ധവും വിഷമയവുമായ പദാർഥങ്ങൾ, പവർ ബാങ്ക്, പടക്കങ്ങൾ, ലേസർ പോയിന്റുകൾ, ഗ്ലാസ് വസ്തുക്കൾ, സെൽഫി സ്റ്റിക്ക്, മോണോപോഡ്സ്, കുടകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, പുകവലി, പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും, കൊടികളും ബാനറുകളും എന്നിവയാണ് സറ്റേഡിയത്തിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ. അലക്ഷ്യമായ പാർക്കിങ് ഒഴിവാക്കണമെന്നും റീ എൻട്രി അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

