ഏഷ്യകപ്പ് ക്രിക്കറ്റ്: സുരക്ഷയൊരുക്കാൻ പൊലീസ് സജ്ജം
text_fieldsഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരസുരക്ഷ വിലയിരുത്തുന്നതിന് ചേർന്ന ദുബൈ ഈവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി യോഗം
ദുബൈ: ആഗസ്റ്റ് 27മുതൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് സുരക്ഷയൊരുക്കാൻ പൂർണ സജ്ജമാണെന്ന് ദുബൈ പൊലീസ്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കം ഏഷ്യയിലെ ക്രിക്കറ്റ് രംഗത്തെ പ്രധാന ടീമുകൾ അണിനിരക്കുന്ന മത്സരങ്ങൾ ദുബൈ, ഷാർജ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സുരക്ഷ സംബന്ധിച്ച് ദുബൈ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി(ഇ.എസ്.സി) സുപ്രധാന യോഗം കഴിഞ്ഞദിവസം ചേർന്നു. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷ ഒരുക്കങ്ങൾ യോഗം വിലയിരുത്തിയതായി ദുബൈ പൊലീസ് ആക്ടിങ് അസി. കമാൻഡന്റ് ബ്രിഗേഡിയർ റാശിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. സുരക്ഷയൊരുക്കുന്നതിന് തയാറാക്കിയ പുതിയ സാങ്കേതിക വിദ്യകൾ സംബന്ധിച്ചും വിവിധ വകുപ്പുകളുടെ ഏകോപനവും യോഗം വിലയിരുത്തി.
മത്സരങ്ങൾ കാണാനെത്തുന്നവർ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും പൊതുസമൂഹത്തിന് ബോധവത്കരിക്കാനും ദുബൈ പൊലീസ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏഷ്യയിലെ പരമ്പരാഗത ക്രിക്കറ്റ് എതിരാളികൾ ഏറ്റുമുട്ടുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റിനാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഗാലറികൾ നിറഞ്ഞുകവിയുന്ന മത്സരങ്ങൾക്ക് പഴുതടച്ച സുരക്ഷയൊരുക്കാനാണ് ദുബൈ പൊലീസ് സജ്ജീകരണമൊരുക്കുന്നത്. ഒമാനിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ വിജയിച്ചാൽ യു.എ.ഇ ടീമും മത്സരത്തിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

