ഏഷ്യാകപ്പ് ക്രിക്കറ്റ് വീണ്ടും യു.എ.ഇയിലേക്ക് ?
text_fieldsകഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ പാക്-ശ്രീലങ്ക ഫൈനൽ കാണാനെത്തിയവർ
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് മാമാങ്കം വീണ്ടും യു.എ.ഇയിലേക്കെത്താൻ സാധ്യത. പാകിസ്താനിൽ നടക്കാൻ സാധ്യത കുറഞ്ഞതോടെയാണ് യു.എ.ഇയെ അടുത്ത വേദിയായി പരിഗണിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇക്കാര്യത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാംല സേത്തിയും ബഹ്റൈനിൽ പ്രാഥമിക ചർച്ച നടത്തി. എന്നാൽ, ഈ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ലോകകപ്പിന് പിന്നാലെ ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്.
പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂർണമെന്റ് പാകിസ്താനിൽനിന്ന് മാറ്റുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. അതേസമയം, ഇന്ത്യ പാകിസ്താനിൽ കളിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാക് ടീം കളിക്കില്ലെന്നാണ് പാകിസ്താന്റെ നിലപാട്. ഇക്കാര്യത്തിലും മാർച്ചിൽ തുടർചർച്ചകൾ നടക്കും. ഐ.സി.സി പ്രതിനിധിയും പങ്കെടുക്കും. കഴിഞ്ഞ ഏഷ്യാകപ്പ് മികച്ചരീതിയിൽ നടത്തിയതാണ് യു.എ.ഇയെ വീണ്ടും പരിഗണിക്കാൻ പ്രധാന കാരണം.
ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങൾമൂലമാണ് കഴിഞ്ഞവർഷത്തെ ഏഷ്യാകപ്പ് യു.എ.ഇയിലേക്ക് മാറ്റിയത്. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ശ്രീലങ്കയാണ് വർഷങ്ങൾക്ക് ശേഷം കപ്പുയർത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗും ട്വന്റി20 ലോകകപ്പും യു.എ.ഇയിൽ നടന്നിരുന്നു. ഇതെല്ലാം വിജയകരമായി പൂർത്തിയാക്കാൻ യു.എ.ഇക്ക് കഴിയുകയും ചെയ്തു.
എല്ലാ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും താമസിക്കുന്ന സ്ഥലമായതിനാൽ തന്നെ നിരവധി കാണികളും സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാമെന്നതും യു.എ.ഇയിലെ കാണികളെ ആവേശഭരിതരാക്കുന്നു. കഴിഞ്ഞ ഏഷ്യാകപ്പിൽ രണ്ട് തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിരുന്നു. ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയെ മറികടന്ന് ശ്രീലങ്ക ഫൈനലിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

