ആശിർവാദ് സിനിമാസ് ഗൾഫിലേക്കും; പ്രഖ്യാപിച്ച് മോഹൻലാൽ
text_fieldsദുബൈ ബിസിനസ് ബേയിലെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് നിർവഹിക്കുന്നു
ദുബൈ: മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ആശിർവാദ് സിനിമാസ് പ്രവർത്തനം ഗൾഫിലേക്കും വ്യാപിപ്പിക്കുന്നു. ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ മോഹൻലാലാണ് ആശിർവാദിന്റെ ഗൾഫ് പ്രവേശനം പ്രഖ്യാപിച്ചത്. നിർമാണവും വിതരണവും ലക്ഷ്യമിട്ട് ദുബൈ ബിസിനസ് ബേയിൽ ആശിർവാദിന്റെ പുതിയ ഓഫിസ് തുറന്നു.
ദുബൈ മലയാള സിനിമയുടെ ഹബ്ബാണെന്നും ആശിർവാദ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിക്കുമ്പോൾ ദുബൈ ആയിരിക്കും ഉചിതമായ ഇടമെന്നും മോഹൻലാൽ പറഞ്ഞു. സൗദി ഉൾപ്പെടെ സിനിമ മേഖലയെ സ്വീകരിച്ചുകഴിഞ്ഞു. വലിയ മാറ്റങ്ങളാണ് അവിടെയുണ്ടാകുന്നത്. ബൃഹത് ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാവണം.
മുൻകാലത്ത് ഹിന്ദി ചിത്രങ്ങൾക്കായിരുന്നു വലിയ നിർമാണ ചെലവ്. എന്നാൽ, അഞ്ച് വർഷമായി തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അവയേക്കാൾ വലിയ ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. കേരളവും അതുപോലെ വളരണം എന്ന ആശയത്തിലൂന്നിയാണ് ആശിർവാദിന്റെ നിർമാണവും വിതരണവും ദുബൈയിൽ തുടങ്ങുന്നത്.
വലിയ ചിത്രങ്ങൾ നിർമിക്കുമ്പോൾ ബജറ്റ് തടസ്സമാകാൻ പാടില്ല. അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. 'മരക്കാർ'ഇതിന് ഉദാഹരണമാണ്. ഈ ചിത്രം നിർമിച്ചത് ആശിർവാദായതിനാൽ ഇതിന്റെ ലാഭനഷ്ടക്കണക്കിലുപരി ഗുണനിലവാരത്തിനാണ് മുൻതൂക്കം നൽകിയത്. ഒ.ടി.ടിക്ക് മാത്രമായി സിനിമ ചെയ്യുന്നതിൽ തെറ്റില്ല. കോവിഡ് കാലത്ത് അത് അനിവാര്യമായിരുന്നു.
ആ സമയത്ത് ഏറ്റവും കൂടുതൽ സിനിമ ചെയ്തയാളാണ് ഞാൻ. 'ബറോസ്'ബിഗ് ബജറ്റ് ചിത്രമാണ്. ത്രീഡി ചിത്രമാകുമ്പോൾ അതിന്റെ ചെലവ് എത്രയാണെന്ന് മുൻകൂട്ടി കൃത്യമായി നിശ്ചയിക്കാൻ കഴിയില്ല. സാധാരണ മലയാള സിനിമയുടെ പത്തിരട്ടി ചെലവ് വന്നേക്കാം. കേരളം പോലെ ചെറിയൊരു സംസ്ഥാനത്തെ ജനത മാത്രം കണ്ടാൽ തിരികെ ലഭിക്കുന്നതല്ല ബറോസിന്റെ നിർമാണച്ചെലവ്.
അത് ലോകമെമ്പാടും കാണണം. 15-20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിജയിക്കണമെങ്കിൽ ഓരോ രാജ്യത്തും ആശിർവാദിന്റെ നെറ്റ്വർക്ക് സ്വന്തമായി സ്ഥാപിക്കണം. ഫാർസ് ഫിലിംസുമായി ചേർന്നായിരിക്കും ആശിർവാദിന്റെ പ്രവർത്തനം. ഏത് മലയാള സിനിമക്കും ഇതര ഭാഷ ചിത്രങ്ങൾക്കും ആശിർവാദിന്റെ ഈ ശൃംഖല ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാതാവ് ആന്റണി പെരുമ്പാവൂരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

